രഹസ്യങ്ങല്‍ ചുരുളഴിയും: ദിലീപിന്റെ 2013 മുതലുള്ള സിനിമകളുടെ പിന്നാമ്പുറ കഥകള്‍ തേടി പോലീസ്

single-img
3 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടന്‍ ദിലീപിന്റെ സിനിമകളിലേക്കും. 2013 ല്‍ പുറത്തിറങ്ങിയ സൗണ്ട് തോമ മുതല്‍ ഏറ്റവുമൊടുവില്‍ റിലീസായ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള സിനിമകളുടെ പിന്നാമ്പുറങ്ങളാണ് പൊലീസിപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ സെറ്റിലെത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാത്രവുമല്ല ജയിലില്‍ നിന്ന് സുനി എഴുതിയ കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങളൊന്നും താന്‍ ഇതുവരെ ആരോടും പറഞ്ഞില്ലെന്ന പരാമര്‍ശവുമുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് 2013 മുതലുള്ള ദിലീപിന്റെ സിനിമകളെക്കുറിച്ച് അന്വേഷിക്കുന്നത്.

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റായ പുഴക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്ബില്‍ ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമാകുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രങ്ങളെടുത്ത ക്ലബിലെ ജീവനക്കാരെ പൊലീസ് ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.

ആക്രമണത്തിനിരയായ നടിയുടെ ഡ്രൈവറായിരുന്നയാളാണ് പള്‍സര്‍ സുനി. മറ്റ് ചില നടന്മാരുടെയും ഡ്രൈവറായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാള്‍ ഫെഫ്ക്കയുടെ ഡ്രൈവേഴ്‌സ് യൂണിയനിലെ അംഗമല്ലാതിരുന്നിട്ടും ദിലീപ് ഉള്‍പ്പെടെയുള്ള പല നടന്മാരുടെയും കൂടെ ഇയാള്‍ സിനിമാ ലൊക്കേഷനുകളില്‍ എത്താറുണ്ടെന്നാണ് വിവരം.

അങ്ങനെയെങ്കില്‍ സുനിയെ സിനിമാ സെറ്റുകളിലേക്ക് കയറാന്‍ സഹായിച്ചത് ആരാണെന്ന കാര്യവും ഏതൊക്കെ സിനിമാ ലൊക്കേഷനുകളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യവും അന്വേഷണം സംഘം പരിശോധിക്കും. കൂടാതെ സൗണ്ട് തോമ മുതലുള്ള സിനിമകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.