രാഷ്ട്രപതിയെ പ്രശംസകൊണ്ടു മൂടി മോദി; ‘പ്രണബ് മുഖര്‍ജി തനിക്ക് പിതാവിനെ പോലെ’

single-img
3 July 2017

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി തനിക്ക് പിതാവിനെ പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പ്രണബ് മുഖര്‍ജിയെ മോഡി പ്രശംസകൊണ്ടു മൂടിയത്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് പ്രണബ് മുഖര്‍ജി തന്നെ ചേര്‍ത്തുനിര്‍ത്തിയതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

മോദിയുടെ പ്രവര്‍ത്തനത്തെ രാഷ്ട്രപതിയും അഭിനന്ദിച്ചു. രാഷ്ട്രപതിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഇരുനേതാക്കളും പരസ്പരം പ്രശംസകള്‍ കൊണ്ട് മൂടിയത്. ‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി: എ സ്റ്റേറ്റ്‌സ്മാന്‍’ എന്ന പുസ്തകമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചേര്‍ന്ന് പ്രകാശനം ചെയ്തത്. രാഷ്ട്രപതിയായ ശേഷമുള്ള പ്രണബിന്റെ ജീവിതം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് പുസ്തകം.

അച്ഛന്‍ മകനോടെന്ന പോലെയാണ് പ്രണബ് മുഖര്‍ജി എക്കാലവും തന്നോട് പെരുമാറിയിട്ടുള്ളത്. പ്രധാനമന്ത്രിയായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ആശ്രയിക്കാന്‍ പ്രണബ് മുഖര്‍ജിയുടെ കരങ്ങള്‍ ഉണ്ടായിരുന്നതാണ് തന്റെ ഭാഗ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉള്ളിന്റെയുള്ളില്‍ നിന്നാണ് തന്റെ വാക്കുകളെന്ന് വ്യക്തമാക്കിയ മോദി, പ്രണബ് മുഖര്‍ജി നല്‍കിയ പിന്തുണയെക്കുറിച്ച് സംസാരിക്കവെ വികാരഭരിതനായതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.

ഇടയ്ക്കിടെ വിശ്രമിച്ചശേഷം മാത്രം മുന്നോട്ടുപോകാന്‍ രാഷ്ട്രപതി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മോദി അനുസ്മരിച്ചു. ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം തന്നെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ സമയത്തും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയുണ്ടാകും. ആരോഗ്യത്തില്‍ ശ്രദ്ധിക്കാതിരിക്കുന്നത് ഒരിക്കലും നന്നല്ലെന്നായിരുന്നു കരുതലോടെയുള്ള ഓര്‍മപ്പെടുത്തല്‍. രാഷ്ട്രപതി എന്ന നിലയില്‍ ഇതൊന്നും പറയാന്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമൊന്നുമല്ല. എന്നിട്ടും വളരെ കരുതലോടെയാണ് തന്നെ അദ്ദേഹം ഓരോ കാര്യങ്ങളും ഓര്‍മിപ്പിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യത്വവു നന്മയുമാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു. പ്രണബിന്റെ പാണ്ഡിത്യത്തെക്കുറിച്ചും പ്രധാനമന്ത്രി തികഞ്ഞ മതിപ്പു പ്രകടിപ്പിച്ചു. വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും തടസമുണ്ടായിട്ടില്ലെന്ന് പ്രണബ് മുഖര്‍ജിയും അനുസ്മരിച്ചു.