‘നാദിര്‍ഷയ്ക്ക് എല്ലാം അറിയാം?’; പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആദ്യം വിളിച്ചത് നാദിര്‍ഷയെ

single-img
3 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവായി പുതിയ തെളിവുകള്‍. കേസിനു പിന്നിലെ ഗൂഢാലോചന നാദിര്‍ഷായിലേയ്ക്ക് നീങ്ങുന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രതി പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ദിലീപിന്റെ അടുപ്പക്കാരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍വിളികള്‍ സംബന്ധിച്ച നിര്‍ണായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.

മുഖ്യപ്രതി പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന സുനില്‍കുമാര്‍ മൂന്ന് തവണ നാദിര്‍ഷയെ ബന്ധപ്പെട്ടതിന്റെ രേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മൂന്ന് കോളുകളില്‍ ഒന്നിന്റെ ദൈര്‍ഘ്യം എട്ട് മിനിറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണം നേരത്തേ ഉന്നയിച്ച നാദിര്‍ഷ സുനിയെ അറിയില്ലെന്നാണ് ഇതുവരെ പ്രതികരിച്ചിരുന്നത്. ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെട്ട് നാദിര്‍ഷയ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും വന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകള്‍ അടക്കമാണ് ദിലീപ് കഴിഞ്ഞ ഏപ്രില്‍ 20ന് പൊലീസില്‍ ഇക്കാര്യം പരാതിപ്പെട്ടിരുന്നത്. എന്നാല്‍ ദിലീപിന്റെ മാനേജരെ വിളിച്ചത് സുനില്‍കുമാര്‍ തന്നെയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്ന ഈവര്‍ഷം ഫെബ്രുവരി 17 വരെ പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളിലേക്ക് നിരന്തരം ഫോണ്‍കോളുകള്‍ പോയിരുന്നതായി പോലീസ് കണ്ടെത്തി. പള്‍സര്‍ സുനിയുടെ ഫോണ്‍ വന്നശേഷം ഈ നാലു നമ്പരുകളില്‍ നിന്നുമുള്ള തൊട്ടടുത്ത കോള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണിയുടെ നമ്പരിലേക്കാണെന്നും ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാണ്.

ഈ നാലു നമ്പരുകളില്‍ നിന്ന് തിരിച്ചും പലതവണ പള്‍സര്‍ സുനിയെ വിളിച്ചിരുന്നു. എന്നാല്‍ നിരന്തരം കോളുകള്‍ വന്നിരുന്ന ഈ നമ്പരുകള്‍ ആരുടേതെന്ന് അപ്പുണ്ണിയുടെ ഫോണില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ കോളുകള്‍ ചെയ്തത് ദിലീപായിരിക്കാം എന്ന് അപ്പുണ്ണി മൊഴി നല്‍കിയെന്നാണ് വിവരം. പള്‍സര്‍ സുനി വിളിച്ചിരുന്ന 26 നമ്പരുകളില്‍ നിന്ന് തൊട്ടടുത്ത ഫോണ്‍ കോള്‍ അപ്പുണ്ണിക്ക് പോയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചാണ് നാലുനമ്പരുകളിലേക്ക് പൊലീസ് എത്തിയത്. ഈ നാലുനമ്പരുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനോടൊപ്പം ഒരാള്‍ തന്നെയാണോ ഇതെല്ലാം ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.