നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍; അറസ്റ്റ് ഉടന്‍

single-img
3 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ പൊലീസ് ഒരുങ്ങുന്നു. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ണായക യോഗം ചേര്‍ന്ന ശേഷമാണ് പുതിയ നീക്കം. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ എഡിജിപി ബി സന്ധ്യക്ക്, പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

അതേസമയം പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പിടിച്ചെടുത്ത ദൃശ്യങ്ങളാണിത്. നടിയെ ആക്രമിച്ചതിന് മുന്‍പും ശേഷവുമുള്ള പത്ത് ദിവസത്തെ ദൃശ്യങ്ങളാണുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ എത്തിച്ചെന്നാണ് സുനില്‍കുമാറിന്റെ മൊഴി. കീഴടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവിടെയെത്തിയതായി സുനില്‍ കുമാര്‍ ദിലീപിനയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് പരിശോധിക്കാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പരിശോധനക്ക് അയക്കുന്നത്.

മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ ഘട്ടത്തില്‍ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി പള്‍സര്‍ സുനി രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.