നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ അമ്മയെ ചോദ്യം ചെയ്യും; പ്രമുഖ നടിയേയും ചോദ്യം ചെയ്‌തേക്കും

single-img
3 July 2017

കൊച്ചി: കൊച്ചിയില്‍ യുവനടി അതിക്രമത്തിന് ഇരയായ കേസില്‍ ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യും. ചില ശാസ്ത്രീയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മൂവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. നിര്‍ണായക ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

ദിലീപും നാദിര്‍ഷായും നേരത്തെ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചും ജയിലില്‍ നിന്നുള്ള ഫോണ്‍ കോളുകളെക്കുറിച്ചുമുള്ള മൊഴികളിലാണ് വൈരുദ്ധ്യം കണ്ടെത്തിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദവും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു റൂറല്‍ എസ്പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കേസില്‍ മലയാളത്തിലെ പ്രമുഖ നടിയും സംശയത്തിന്റെ നിഴലിലാണ്. ഇവരെയും ചോദ്യം ചെയ്‌തേക്കും.

ഇതിനിടെ നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പ് പള്‍സര്‍ സുനി നിരന്തരം വിളിച്ച നാലു നമ്പറുകള്‍ തിരിച്ചറിഞ്ഞു. ഈ നമ്പറുകളില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ക്ക് തിരിച്ചും നിരന്തരം കോളുകള്‍ വന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോളുകള്‍ കൈകാര്യം ചെയ്തത് ദിലീപാണെന്ന് അപ്പുണി മൊഴി നല്‍കിയതായും സൂചനയുണ്ട്.

ജയിലില്‍ വച്ച് പള്‍സര്‍ സുനി ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. സുനി കാക്കനാട് ജില്ലാ ജയിലില്‍ നിന്നും നാദിര്‍ഷയെ മൂന്ന് തവണ വിളിച്ചെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതില്‍ ഒരു കോള്‍ എട്ട് മിനിറ്റോളം നീണ്ടു നിന്നതായും റിപ്പോര്‍ട്ടുണ്ട്.

നാദിര്‍ഷ പള്‍സറിന്റെ ഡോകോമോ നമ്പറിലേക്കും വിളിച്ചു. പള്‍സര്‍ ജയിലില്‍ കിടന്നപ്പോഴാണ് നാദിര്‍ഷ വിളിച്ചത്. പള്‍സര്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന ഫാന്‍സി നമ്പരുകളില്‍ ഒന്ന് നാദിര്‍ഷയുടേതെന്നും വ്യക്തമായിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള കോളുകളാണ് പരിശോധിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തെളിവുകള്‍ പൂര്‍ണമായി കിട്ടിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്നും ഡിജിപി വ്യക്തമാക്കി.