ഹോട്ടലിലെയും ബേക്കറിയിലെയും ബില്‍ കണ്ട് ഞെട്ടരുത്; ജിഎസ്ടി വന്നതോടെ വില കൂടിയിട്ടുണ്ട്

single-img
3 July 2017

കോഴിക്കോട്: ജിഎസ്ടി നിലവില്‍ വരുന്നതോടെ സാധനങ്ങള്‍ക്ക് വില കുറയും, സാധാരണക്കാര്‍ക്ക് ആശ്വാസമാവും എന്നൊക്കെയായിരുന്നു പ്രതീക്ഷയെങ്കിലും ജിഎസ്ടി എന്ന ഒറ്റ നികുതി ജനങ്ങളെ പിഴിയാനുള്ള ഒരുപാധിയായി മാറിയിരിക്കുകയാണിപ്പോള്‍. ഇത് നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെയും ബേക്കറി വിഭവങ്ങളുടേയും വില ഉയര്‍ന്നുതുടങ്ങി. നേരത്തെ നികുതി പ്രത്യേകം ഈടാക്കാതിരുന്ന ഹോട്ടലുകള്‍ പോലും 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി ചുമത്തുകയാണിപ്പോള്‍.

ഹോട്ടല്‍ ഭക്ഷണത്തിന് ജി.എസ്.ടി ഇനത്തില്‍ 12 ഉം 18 ഉം ശതമാനമാണ് ഈടാക്കുന്നത്. 260 രൂപക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഒരാള്‍ക്ക് 18 ശതമാനം നികുതി കൂടി ചേര്‍ത്ത് നല്‍കേണ്ടി വന്നത് 307 രൂപ. ഇനി ബേക്കറിയില്‍ നിന്നും 700 രൂപയുടെ കേക്ക് വാങ്ങുന്നൊരാള്‍ നികുതിയിനത്തില്‍ 126 രൂപ അധികം നല്‍കേണ്ടി വരും.

അതേസമയം ചില കടക്കാര്‍ കമ്പ്യൂട്ടറൈസ്ഡ് ബില്‍ നല്‍കാതെ എഴുതി തയ്യാറാക്കിയ ബില്ലാണ് നല്‍കുന്നത്. ഇതില്‍ ജി.എസ്.ടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാറിലേക്ക് ഈ നികുതി ഉടമ നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല. മുമ്പ് നികുതി ഈടാക്കാതിരുന്ന സാധാരണ ഹോട്ടലുകള്‍ പോലും ജി.എസ്.ടി ഉള്‍പ്പെടുത്തിയ ബില്ലാണ് ഇപ്പോള്‍ നല്കുന്നത്.

നേരത്തെ നികുതി ഉള്‍പ്പെടുത്തി വിലനിശ്ചയിച്ചിരുന്ന ഹോട്ടലുകള്‍ ജി.എസ്.ടി ഇനത്തില്‍ അധികം വന്ന തുകയ്ക്ക് പകരം മുഴുവന്‍ നികുതിയും പ്രത്യേകം എഴുതിച്ചേര്‍ത്ത് ഈടാക്കുന്നത് ജനങ്ങളുടെ അജ്ഞത മുതലെടുത്താണ്. 50 രൂപയുടെ ഊണ്‍ കഴിച്ചാല്‍ പോലും ജി.എസ്.ടി നല്‌കേണ്ട അവസ്ഥയുണ്ട്. ആറ് മാസം കഴിഞ്ഞ് ജി.എസ്.ടിയുടെ പ്രത്യക്ഷ ഫലം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഈ നികുതി മൂലമുള്ള വിലക്കയറ്റം തങ്ങള്‍ക്ക് പാരയാവുമെന്ന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ ഒറ്റദിവസം കൊണ്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു.