പച്ചക്കള്ളം പറഞ്ഞ ദിലീപ് സ്വയം കുഴിതോണ്ടി; ഊരാക്കുടുക്കില്‍ താരം

single-img
3 July 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ അറസ്റ്റ് ഉണ്ടായേക്കുമെന്ന പൊലീസ് വൃത്തങ്ങളുടെ സൂചനയെ തുടര്‍ന്ന് ദിലീപ് ഇന്ന് രാവിലെ എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം തേടിയെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകനാണ് ഇദ്ദേഹം. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കേണ്ട എന്ന ഉപദേശമാണ് അഭിഭാഷകന്‍ നല്‍കിയതെന്നാണ് സൂചന.

അതേസമയം പള്‍സര്‍ സുനി ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ എത്തിയത് ഡ്രൈവറായിട്ടാണെന്ന് പോലീസിന് തെളിവ് ലഭിച്ചു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ചുമതലയുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ പ്രൊഡക്ഷന്‍ ചുമതലയുണ്ടായിരുന്ന മുരുകനെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപുവിനെയുമാണ് ചോദ്യം ചെയ്തത്.

രണ്ടു ദിവസമാണ് പള്‍സര്‍ സുനി ഡ്രൈവറായി ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലുണ്ടായിരുന്നത്. ക്യാമറകള്‍ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന വാഹനമാണ് ഓടിച്ചതെന്നും പകരക്കാരനായിട്ടാണ് പള്‍സര്‍ സുനി സെറ്റിലെത്തിയതെന്നും ദീപു പറഞ്ഞു. പള്‍സറിന് തന്റെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സംവിധായകന്‍ ബിജു കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇതിന് നേര്‍ വിപരീതമാണ് ഇപ്പോള്‍ പോലീസിന് ലഭിച്ച വിവരം.

പള്‍സറുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു ദിലീപും. എന്നാല്‍ ഇതിനെയെല്ലാം ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകള്‍. പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയെന്ന് വ്യക്തമാകുന്ന ചിത്രങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. തൃശൂരിലെ ബാനര്‍ജി ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമാകുന്നത്.