നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി?; ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യംചെയ്‌തേക്കും; കൂടുതല്‍ അറസ്റ്റിന് സാധ്യത

single-img
3 July 2017

കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടക്കാന്‍ സാധ്യത. പ്രതി പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത പൂര്‍ണമായും സ്ഥിരീകരിക്കാത്ത പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്.

സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയതായും സൂചനയുണ്ട്. കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇയാള്‍ വിളിച്ച നാല് നമ്പരുകള്‍ കിട്ടിയിട്ടുണ്ട്. ഈ നമ്പരുകളിലേക്ക് പള്‍സര്‍ സുനിയുടെ കോള്‍ വന്നയുടന്‍ ദിലീപിന്റെ മാനേജര്‍ക്ക് തിരികെ വിളിവന്നതായും പൊലീസ് കണ്ടെത്തി. ഈ നാല് നമ്പരുകളുടെ ഉടമസ്ഥരെ കണ്ടെത്താനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നത്.

എന്നാല്‍ ഈ നമ്പരുകളിലേക്ക് വിളിച്ചത് താനല്ലെന്നും ദിലീപാണെന്നും മാനേജര്‍ അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ടത് വരെയുള്ള ദിവസങ്ങളില്‍ ഈ നമ്പരുകളിലേക്ക് നിരന്തരം കോളുകള്‍ വന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മുഖം നോക്കാതെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും, സംശയമുള്ള ആരെയും ചോദ്യം ചെയ്യാമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

തന്നെ ഉപദ്രവിച്ച പള്‍സര്‍ സുനിയും സംഘവും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഈ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്‍പിച്ചെന്നുമൊക്കെയാണ് പള്‍സര്‍ സുനി നല്‍കിയിരുന്ന മൊഴി. പിന്നീട് ഈ മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ കാക്കനാടുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന മൊഴിയെത്തുടര്‍ന്ന് ഇവിടെയും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് പിടിച്ചെടുത്ത ദൃശ്യങ്ങളാണിത്. നടിയെ ആക്രമിച്ചതിന് മുന്‍പും ശേഷവുമുള്ള പത്ത് ദിവസത്തെ ദൃശ്യങ്ങളാണുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ എത്തിച്ചെന്നാണ് സുനില്‍കുമാറിന്റെ മൊഴി. കീഴടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവിടെയെത്തിയതായി സുനില്‍ കുമാര്‍ ദിലീപിനയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് പരിശോധിക്കാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പരിശോധനക്ക് അയക്കുന്നത്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ചിത്രങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. പുഴക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയിയില്‍ സുനിയും ഉളളതായി വ്യക്തമാകുന്നത്. ചിത്രങ്ങളെടുത്ത ക്‌ളബിലെ ജീവനക്കാരെ പൊലീസ് ആലുവ പൊലീസ് ക്‌ളബിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു.

ഷൂട്ടിംഗ് സമയത്ത് ആരെല്ലാം ദിലീപിനെ കാണാനെത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ദിലീപും സുനിയും നേരത്തെ എപ്പോഴെങ്കിലും ക്ലബ്ലില്‍ വന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.