എയര്‍ ഇന്ത്യ വിമാനത്തില്‍ എ.സി പ്രവര്‍ത്തിച്ചില്ല; 168 യാത്രക്കാര്‍ക്ക് ദുരിത യാത്ര

single-img
3 July 2017

ന്യുഡല്‍ഹി: പശ്ചിമബംഗാളില്‍നിന്ന് ഡല്‍ഹിയിലേയ്ക്കു വരികയായിരുന്ന എയര്‍ ഇന്ത്യയുടെ എ.ഐ 880 വിമാനത്തിലെ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നത് ദുരിത യാത്ര. ഞായറാഴ്ച എയര്‍ ഇന്ത്യയുടെ എ.ഐ 880 വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാര്‍ക്കാണ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ ദുരിത യാത്ര ചെയ്യേണ്ടി വന്നത്. വിമാനത്തിന്റെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതാണ് കാരണം. ഇതോടെ യാത്രക്കാര്‍ക്ക് കൈയിലുളള കടലാസും മറ്റും ഉപയോഗിച്ച് യാത്രയിലുടനീളം വീശിത്തളരുകയല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല.

ഏകദേശം 20 മിനിറ്റോളം എസി ഇല്ലാതെ യാത്രക്കാര്‍ ദുരിതയാത്ര അനുഭവിച്ചു. ചിലര്‍ ഓക്‌സിജന്‍ മാസ്‌ക് ധരിക്കുകയും എന്നാല്‍ അതും പ്രവര്‍ത്തനരഹിതമെന്ന് തിരിച്ചറിയുകയും ചെയ്തു. 2 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ എത്തിയ യാത്രക്കാര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതായി യാത്രക്കാര്‍ പറയുന്നു. ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ബഹളം വച്ചു.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ സംഭവങ്ങളുടെ ദൃശ്യങ്ങളെല്ലാം പകര്‍ത്തി സാമൂഹ്യ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. കയ്യിലുണ്ടായിരുന്ന മാസികകളും മറ്റും ഉപയോഗിച്ച് ചൂട് മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളോട് ജീവനക്കാര്‍ ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ വക്താവ് ഇങ്ങനെ സംഭവിച്ചത് സാങ്കേതിക തകരാറ് മൂലമാണെന്നും വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.