ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കും; സൂചനയുമായി ഡിജിപി

single-img
3 July 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റുണ്ടാകുമെന്ന് സൂചിപ്പിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എന്നാല്‍ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആര്‍ക്കും പറയാനാകില്ല. അറസ്റ്റ് അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ ഉണ്ടാകൂ.

ഇക്കാര്യം അന്വേഷണ സംഘം തീരുമാനിക്കും. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു. കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നല്‍കിയില്ല. ഒരു കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്‌കരമാണെന്നും ഡിജിപി പറഞ്ഞു.

അതേസമയം നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാര്‍ ദിലീപിന്റെ മാനേജറെ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ 23 മൂതല്‍ നടി അക്രമിക്കപ്പെട്ട അന്ന് വരെയാണ് സുനില്‍കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത്. നാല് നമ്പരുകളില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്.

അപ്പുണ്ണി ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചതായും പോലീസ് കണ്ടെത്തി. സുനില്‍കുമാര്‍ വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിരന്തരം വിളിച്ച നാലു നമ്പരുകളെക്കുറിച്ചാണ് അന്വേഷണം. നവംബര്‍ 23 മുതല്‍ ഏപ്രില്‍ 14 വരെ വിളിച്ച നമ്പരുകളാണ് പരിശോധിക്കുന്നത്. നമ്പരുകള്‍ ഒരാളുടേത് തന്നെയാണോ എന്നും അന്വേഷിക്കുന്നുണ്ട്.