ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുത്തു; യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

single-img
2 July 2017

ഉത്തര്‍പ്രദേശ്: നടുറോഡില്‍ നിയമലംഘനം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നിലപാടുമായി ഉറച്ചുനിന്ന യുപിയിലെ വനിതാ പോലീസ് ഓഫീസര്‍ ശ്രേഷ്ഠ താക്കൂറിന് സ്ഥലം മാറ്റം. ആവശ്യമുള്ള രേഖകള്‍ ഇല്ലാതെ വാഹനമോടിച്ച ബി.ജെ.പി പ്രാദേശിക നേതാവ് പ്രമോദ് ലോധിയില്‍ നിന്ന് പിഴ ഈടാക്കുകയും പൊലിസിനോട് അപമര്യാദയായി പെരുമാറിയ ഇയാളെ ശക്തമായ ഭാഷയില്‍ നേരിടുകയും ചെയ്ത ശ്രേഷ്ഠ ഠാക്കൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്രേഷ്ഠയെ സ്ഥലം മാറ്റിയത്.

സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയപ്പോള്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ വൈകാതെ ജനം നിങ്ങളെ ബിജെപി ഗുണ്ടകളെന്ന് വിളിക്കും എന്ന് ശ്രേഷ്ഠ ഠാക്കൂര്‍ പറഞ്ഞിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് അഞ്ച് ബിജെപിക്കാരെ ശ്രേഷ്ഠ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ വിഷയം നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടിയിലെ 11 എം.എല്‍.എമാരും എം.പിയും മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടര്‍ന്നാണ് ശ്രഷ്ഠയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. ബഹ്‌റയ്ച്ചിലേക്കാണ് സ്ഥലം മാറ്റം. ഞങ്ങള്‍ക്ക് മറ്റുള്ളവരുടെ വാഹനം പരിശോധിക്കാനുള്ള അനുമതിയില്ലെന്നുള്ള മുഖ്യമന്ത്രിയുടെ ഉത്തരവുമായി വരൂ. പിന്നെ ഞങ്ങള്‍ വാഹന പരിശോധന നടത്തില്ല. രാത്രി ഞങ്ങള്‍ കുടുംബത്തെയും ഉപേക്ഷിച്ച് ജോലിക്കെത്തുന്നത് തമാശയായിട്ടല്ല. നിങ്ങള്‍ പാര്‍ട്ടിയുടെ പേര് മോശമാക്കുകയാണ്. വൈകാതെ ബിജെപി ഗുണ്ടകള്‍ എന്ന് ജനം നിങ്ങളെ വിളിക്കും എന്നാണ് ശ്രഷ്ഠ ഠാക്കൂര്‍ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം പരാമര്‍ശം നടത്തി എന്ന പേരില്‍ ശ്രേഷ്ഠക്കെതിരെ ബിജെപി സിറ്റി പ്രസിഡന്റ് മുകേഷ് ഭരദ്വാജ് രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവം ചര്‍ച്ചയായതോടെ ശ്രേഷ്ഠയ്ക്ക് പിന്തുണയുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്.