മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് ടിപി സെന്‍കുമാര്‍; ‘തച്ചങ്കരി കള്ളനും, ജേക്കബ് തോമസ് ഹിപ്പോക്രാറ്റും’

single-img
2 July 2017

തിരുവനന്തപുരം: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പോലീസ് മേധാവി ടി. പി. സെന്‍കുമാര്‍. ടോമിന്‍ തച്ചങ്കരിയെ കള്ളനെന്നും ജേക്കബ് തോമസിനെ ഹിപ്പോക്രാറ്റെന്നുമാണ് സെന്‍കുമാര്‍ വിശേഷിപ്പിച്ചത്. എഡിജിപി ബി സന്ധ്യ, ചീഫ് സെക്രട്ടറി നളിനി നെറ്റൊ എന്നിവര്‍ക്കെതിരെയും മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് സെന്‍കുമാര്‍ ഉന്നയിച്ചത്.

പോലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി ഫയലുകള്‍ കടത്തിയതായി സെന്‍കുമാര്‍ ആരോപിച്ചു. തച്ചങ്കരിയെക്കുറിച്ച് നടന്ന അന്വേഷണങ്ങളുടെ ഫയലുകളാണ് കടത്തിയത്. ടോമിന്‍ തച്ചങ്കരി പോലീസ് ആസ്ഥാനത്തെ കള്ളനാണ്. വിഷയത്തില്‍ തച്ചങ്കരിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുക്കണം. കോടതി ആവശ്യപ്പെട്ടാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി. വൈരാഗ്യ ബുദ്ധിയോടെയാണ് തന്നോടു പെരുമാറിയത്. തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന്‌ നീക്കാന്‍ നളിനി നെറ്റോ കൃത്രിമം കാട്ടി. ഇതിനായി മുന്നുഫയലുകളിലാണ് കൃത്രിമം കാണിച്ചതെന്നും നളിനി നെറ്റോയ്‌ക്കെതിരെ നിയമനടപടികള്‍ക്ക് മുതിര്‍ന്നേക്കുമെന്നുള്ള സൂചനയും ചോദ്യം ഉത്തരം പരിപാടിയില്‍ സെന്‍കുമാര്‍ നല്‍കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷത്തില്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

അതേസമയം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐയായി വിരമിച്ച സി. മോഹനന്റെ ‘കണ്ണാടി’ പുസ്തകപ്രകാശന ചടങ്ങിലും സെന്‍കുമാര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ഉന്നതങ്ങളില്‍നിന്നുള്ള വാക്കാലുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചതാണ് പ്രധാനവീഴ്ചയെന്ന് സെന്‍കുമാര്‍ പറഞ്ഞു.

‘നിര്‍ഭയ’ത്തില്‍ സിബി മാത്യൂസ് പറയുന്നത് അന്വേഷണഘട്ടത്തില്‍ തനിക്ക് മുകളില്‍നിന്ന് സമ്മര്‍ദമുണ്ടായിരുന്നെന്നാണ്. എന്തുകൊണ്ട് ഒരുരേഖയുമില്ലാതെ അത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹം തയാറായി? ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥരില്‍നിന്ന് അവ എഴുതിവാങ്ങിയിരുന്നെങ്കില്‍ അന്വേഷണത്തിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്നും സെന്‍കുമാര്‍ പറഞ്ഞു.

കുറ്റാന്വേഷണ കേസുകളില്‍ ഒരിക്കലും സീനിയര്‍ ഉദ്യോഗസ്ഥന്‍ വാക്കാല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കരുത്. അത്തരം നിര്‍ദേശങ്ങള്‍ എഴുതിത്തരണമെന്ന് പറയാനുള്ള ധൈര്യം എല്ലാ ജൂനിയര്‍ ഓഫിസര്‍മാര്‍ക്കും ഉണ്ടാകണം. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ കുറ്റാന്വേഷണങ്ങളില്‍ പൊലീസിന് സംഭവിക്കുന്ന 90 ശതമാനം തെറ്റുകളും പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.