ശബ്ദ മലിനീകരണത്തിന് ഉദാഹരണം മുസ്‌ലിം പള്ളി; ആറാം ക്ലാസ് പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ വിവാദമാകുന്നു

single-img
2 July 2017

ഡല്‍ഹി: ഐ.സി.എസ്.ഇ സിലബസിലെ ആറാം ക്ലാസ് ശാസ്ത്രപാഠ പുസ്തകത്തിലെ ശബ്ദ മലിനീകരണത്തിനു കാരണമായി നല്‍കിയ ചിത്രം വിവാദമാകുന്നു. ഉയര്‍ന്ന ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന കാറുകള്‍, തീവണ്ടി, വിമാനം എന്നിവയുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മുസ്ലിം പള്ളിയുടെ ചിത്രവും ചേര്‍ത്തിട്ടുള്ളത്. പള്ളിയില്‍ നിന്നും വരുന്ന ശബ്ദം സഹിക്കാനാവാതെ ഒരാള്‍ ചെവി പൊത്തുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്.

ഡല്‍ഹി ദരിയാഗഞ്ചിലെ സലീന പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍. എസ്‌കെ ബാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധരായ അധ്യാപകരാണ് ഉള്ളടക്കം തയ്യാറാക്കിയതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രം ശ്രദ്ധയില്‍പെട്ട ഒരു രക്ഷിതാവ് വാട്ട്‌സ്ആപ്പിലൂടെ സംഭവം പങ്കുവച്ചതോടെയാണ് വിഷയം വിവാദമായത്.

കുട്ടികളില്‍ മുസ്ലീം വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ അപമാനിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വ്യാപക വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. അതേസമയം, തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നുവെന്നും പുസ്തകം വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചതായും പബ്ലിഷര്‍ അറിയിച്ചു.

‘ഇത്തരത്തില്‍ അഭിപ്രായ അനൈക്യമുള്ള, വിവാദപരമായ ഉള്ളടക്കമുള്ള പാഠഭാഗങ്ങള്‍ ഏതെങ്കിലും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്കും പുസ്തകമിറക്കുന്ന പബ്ലിഷര്‍മാര്‍ക്കുമാണ് അതിന്റെ ഉത്തരവാദിത്വം. അവരാണ് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതെന്ന്’ ഐ.സി.എസ്.ഇ ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ അറിയിച്ചു.