ഗോവധത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍, അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി

single-img
2 July 2017

ന്യൂഡല്‍ഹി: ഗോവധത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പാവപ്പെട്ട ജനങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വേദനാജനകമാണ്. വരും തലമുറ ഇതിന്റെ പേരില്‍ നമ്മെ പഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷ്ണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ സ്മരണിക പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തിന്റെ യശ്ശസ് ഇത്തരം സംഭവങ്ങളിലൂടെ ദിനംപ്രതി കളങ്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അന്ധകാര ശക്തികള്‍ വേട്ടയാടുകയാണ്. ഇവരുടെ പിടിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ മാധ്യമങ്ങളും ജനങ്ങളും എപ്പോഴും ജാഗരൂഗരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് നിയന്ത്രണാതീതമായി വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ജനങ്ങള്‍ വഴിവിട്ട് ആക്രമണങ്ങള്‍ നടത്തുന്ന വാര്‍ത്തകളാണ് ടിവിയിലും പത്രത്തിലുമുള്ളത്. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.