ദിലീപ് ചിത്രം രാമലീല വെള്ളിയാഴ്ച്ചയെത്തില്ല; റിലീസ് മാറ്റിവെച്ചു

single-img
2 July 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണത്തിന്റെ നിഴലിലായ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘രാമലീലയുടെ റിലീസ് മാറ്റി വെച്ചു. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്തതിനാലാണ്‌ റീലിസിങ്ങ് മാറ്റുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം, ചിത്രം 14നോ 21നോ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയമാണ് റിലീസില്‍ നിന്ന് പിന്‍മാറാന്‍ ദിലീപിനെ പ്രേരിപ്പച്ചെതെന്നാണ് പുറത്തു നിന്നു ലഭിക്കുന്ന വിവരങ്ങള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്താല്‍ ദിലീപിനെതിരായ പ്രതിഷേധം ചിത്രത്തേയും ബാധിക്കുമെന്ന ഭയം നിര്‍മ്മാതാക്കളെയും അലട്ടുന്നുണ്ട്. അരുണ്‍ ഗോപി സംവിധാനത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ റോളിലാണ് ദിലീപ് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ പ്രയാഗ മാര്‍ട്ടിനാണ് നായിക.