യാത്രക്കാര്‍ക്ക് ഇരുട്ടടി: റയില്‍വെ സേവനങ്ങളുടെ നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചു

single-img
2 July 2017


കൊച്ചി: ജിഎസ്ടി നിലവില്‍ വന്നതിന്റെ ഭാഗമായി റയില്‍വെ സേവനങ്ങളുടെ നിരക്ക് കുത്തനെ വര്‍ധിച്ചത് യാത്രക്കാര്‍ക്കു തിരിച്ചടിയായി. സംസ്ഥാനത്തെ എ വണ്‍ റേറ്റിങ്ങിലുള്ള നാലു സ്റ്റേഷനുകളില്‍ പാര്‍ക്കിങ് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പത്തു രൂപ നല്‍കിയിരുന്ന പാര്‍ക്കിങ്ങിന് ഇനി 20 രൂപ നല്‍കണം. ഒരു ദിവസം മുഴുവന്‍ നാലു ചക്രവാഹനം സ്റ്റേഷന്‍ മുറ്റത്തു പാര്‍ക്ക് ചെയ്യാന്‍ 25 രൂപ നല്‍കണം. എ വണ്‍ വിഭാഗത്തിലുള്ള തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് സ്റ്റേഷനുകളില്‍ നിരക്ക് വര്‍ധനവ് ബാധകമാണെന്ന് റയില്‍വെ അറിയിച്ചു.

വര്‍ധനവ് ഏറ്റവും കടുതല്‍ ബാധിക്കുന്നത് സീസണ്‍ ടിക്കറ്റ് യാത്രക്കാരെയാണ്. ഇരുചക്ര വാഹനം ദിവസവും റയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ ഒരു മാസത്തേയ്ക്ക് ഒന്നിച്ചു നല്‍കിയിരുന്നത് 150 രൂപയാണ്. പക്ഷേ, ജുലൈ ഒന്നു മുതല്‍ ഈ തുക 360 രൂപയായി റയില്‍വെ ഉയര്‍ത്തിയത് ഇവര്‍ക്ക് വന്‍ തിരിച്ചടിയായി. ഇതോടെ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ റയില്‍വേയ്‌ക്കെതിരെ തിരിയുകയും പാര്‍ക്കിങ് നിരക്ക് ഇരട്ടിയായതിനെ ചൊല്ലി റയില്‍വെ സ്റ്റേഷന്‍ പരിസരം പലപ്പോഴും വാക്കേറ്റത്തിനു വേദിയാവുകയും ചെയ്തു.

പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പു കേന്ദ്രങ്ങളിലെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ വിശ്രമിക്കുന്നതിനുള്ള തുക ഇരുപതു രൂപയില്‍നിന്ന് 24 രൂപയാക്കി. എസി ടിക്കറ്റിന് നേരിയ വര്‍ധനവും ട്രെയിനകത്തെ ഭക്ഷണത്തിനും വര്‍ധനയുണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം റയില്‍വേയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു.