കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത് ‘മെമ്മറി കാര്‍ഡ്’ തേടി; മെമ്മറി കാര്‍ഡ് ഇവിടെ ഏല്‍പ്പിച്ചെന്ന് മൊഴി

single-img
2 July 2017

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ കേസന്വേഷണം അവസാനഘട്ടത്തിലെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് കാവ്യമാധവന്റെ വീട്ടിലും വസ്ത്രവ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തിയത് മെമ്മറി കാര്‍ഡ് തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇവിടെ ഏല്‍പിച്ചെന്ന് സുനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൂട്ടുപ്രതിയായ വിജീഷാണ് ഇവിടെ മെമ്മറി കാര്‍ഡ് കൊണ്ടുവന്ന് കൊടുത്തതെന്നാണ് സുനില്‍കുമാറിന്റെ മൊഴി. എന്നാല്‍, ആരെയാണ് മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതില്‍ വ്യക്തത തേടിയാണ് കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് റെയിഡ് നടത്തിയത്. പരിശോധനയില്‍ മെമ്മറി കാര്‍ഡ് കണ്ടെടുക്കാനായിട്ടില്ലെന്നാണ് വിവരം. നേരത്തെ ഈ മെമ്മറി കാര്‍ഡിനും മൊബൈല്‍ ഫോണിനുമായി പൊലീസ് നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയിലെ വസ്തുതകള്‍ പരിശോധിക്കാനാണ് പൊലീസ് പരിശോധന നടത്തിയതും സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതും. മെമ്മറിക്കാര്‍ഡ് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചു എന്നായിരുന്നു പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം വഴിതെറ്റിക്കുന്നതിന് വേണ്ടിയാണോ ഇത്തരമൊരു മൊഴിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കൊച്ചി കാക്കനാട്ടുള്ള ലക്ഷ്യയില്‍ ശനിയാഴ്ചയാണ് പൊലീസ് പരിശോധന നടത്തിയത്. യുവനടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫിസില്‍ പരിശോധന നടത്തിയത്. രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.