‘പോലീസ് തിരിച്ചും മറിച്ചും ചോദിക്കും, പതറരുത്’; ചോദ്യംചെയ്യലിനെ കുറിച്ച് നാദിര്‍ഷായ്ക്ക് എഡിജിപിയുടെ പരിശീലനം

single-img
2 July 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ ചോദ്യംചെയ്യല്‍ എങ്ങനെയായിരിക്കുമെന്ന് നാദിര്‍ഷയ്ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പരിശീലനം നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജൂണ്‍ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിര്‍ഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മുന്‍ ഡിജിപി സെന്‍കുമാറുമായി പ്രത്യക്ഷത്തില്‍ തന്നെ അകല്‍ച്ചയുള്ള, നിലവില്‍ പൊലീസ് ആസ്ഥാനത്തുള്ള എഡിജിപിയാണ് പരിശീലനം നല്‍കിയത് എന്നാണ് സചന. പൊലീസിന്റെ ചോദ്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. ഈ കൂടിക്കാഴ്ച നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നാദിര്‍ഷാ, നടന്‍ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തത്.

ഇക്കാര്യത്തില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ അന്ന് തന്നെ ഇടപെട്ടതായി വിവരമുണ്ടായിരുന്നു. അന്നേ ദിവസം ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്കു നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് സെന്‍കുമാറിന് ലഭിച്ചത്. അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാന്‍ രണ്ടുദിവസം മാത്രമുള്ളതിനാല്‍ അദ്ദേഹം നടപടിക്ക് ഒന്നും മുതിര്‍ന്നില്ലെന്നാണ് സൂചന. ഈ എഡിജിപിയുമായുള്ള പരസ്യമായ അകല്‍ച്ചയും സെന്‍കുമാര്‍ സംയമനം പാലിക്കാന്‍ കാരണമായി.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ച കാര്യം നാദിര്‍ഷ തന്നെ സമ്മതിച്ചിട്ടുണ്ട്. കലാകാരനെന്ന നിലയില്‍ വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ചെറിയ പെരുന്നാളിന്റെ ദിവസം സന്ദര്‍ശിച്ചതാണെന്നാണ് നാദിര്‍ഷയുടെ വാദം. വീട്ടില്‍ പാകംചെയ്ത ഭക്ഷണം അദ്ദേഹത്തിനു നല്‍കിയ ശേഷം തിരികെ പോന്നു. അല്ലാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. ‘എന്തൊക്കെയാണു കേള്‍ക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്…’ എന്ന് മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു.