പാര്‍ട്ടി കണ്ണുരുട്ടിയപ്പോള്‍ മുകേഷ് മയപ്പെട്ടു: ‘രാഷ്ട്രീയത്തില്‍ തുടക്കക്കാരന്‍, വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നു’

single-img
2 July 2017

കൊല്ലം: അമ്മ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലെ സംഭവങ്ങളില്‍ വിശദീകരണവുമായി നടന്‍ മുകേഷ് എംഎല്‍എ. എല്ലാതരം വിമര്‍ശനങ്ങളും ഉള്‍കൊള്ളുന്നതായി മുകേഷ് പറഞ്ഞു. നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ്. തെറ്റുകള്‍ സ്വഭാവികമെന്ന് അദ്ദേഹം വിശദീകരണത്തില്‍ വ്യക്തമാക്കി.

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി ഒന്നും സംസാരിച്ചില്ല. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ സിപിഎം കൊല്ലം ജില്ലാ നേതൃത്വവും മുകേഷിനെതിരെ രംഗത്ത് എത്തിയിരുന്നു.