നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കാവ്യാമാധവനെ ചുറ്റിപറ്റിയും; കാവ്യയുടെ വീട്ടിലും പോലീസ് പരിശോധനയ്‌ക്കെത്തി

single-img
2 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വീട്ടിലും പോലീസ് പരിശോധനയ്‌ക്കെത്തി. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പരിശോധനയ്ക്ക് ശേഷമാണ് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം വീട്ടിലെത്തിയത്. ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പോലീസ് സംഘം കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലെത്തിയത്. എന്നാല്‍ വെണ്ണലയിലെ വില്ലയില്‍ ആളില്ലാത്തതിനാല്‍ രണ്ട് തവണയും പോലീസിന് നിരാശരായി മടങ്ങേണ്ടി വന്നു.

കാവ്യ മാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. രഹസ്യമായി നടത്തിയ പരിശോധനയില്‍ ഒരു സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്നു മണിയോടെയാണ് പോലീസ് സ്ഥാപനത്തിലെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിവരെ പരിശോധന നീണ്ടുനിന്നു.

പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സി.ഡിറ്റിലേക്ക് അയയ്ക്കും. നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കാക്കനാട്ടെ കടയില്‍ പോയതായി മുഖ്യ പ്രതി പള്‍സര്‍ സുനി, ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. സുനി ഇവിടെ എത്തിയിരുന്നോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

സുനി ദിലീപിന് അയച്ചതായി പറയുന്ന കത്തില്‍ സാമ്പത്തികമായ ചില ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്. ഈ കത്തില്‍ കാക്കനാട്ടെ ഒരു സ്ഥാപനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. കത്തില്‍ കടയുടെ പേരൊന്നും പറയുന്നില്ലെങ്കിലും ഇത് കാവ്യയുടെ സ്ഥാപനമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സുനിയുടെ സഹ തടവുകാരുടെ മൊഴിയിലും കാക്കനാട്ടെ കടയെപ്പറ്റി സൂചനയുണ്ട്. ആക്രമിച്ചതിന്റെ പിറ്റേന്ന് സുനി കാക്കനാട്ടെ കടയിലെത്തിയെന്നാണ് ഇവരുടെ മൊഴിയില്‍ വ്യക്തമാകുന്നത്. ഇക്കാര്യത്തെപ്പറ്റി ദിലീപില്‍ നിന്ന് പോലീസ് വിശദമായി ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍.