ക്വട്ടേഷന്‍ നല്‍കിയ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന; അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്കും

single-img
2 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വീണ്ടും പുതിയ ദിശയിലേക്ക്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് അല്ലെന്നും ഇതിനു പിന്നില്‍ ആരാണെന്നുമുള്ള വ്യക്തമായ സൂചനകള്‍ പോലീസിനു ലഭിച്ചതായാണ് കരുതപ്പെടുന്നത്. ദിലീപും നടിയും തമ്മിലെ സ്വത്ത് കൈമാറ്റ പ്രശ്‌നങ്ങളാണ് ക്വട്ടേഷന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ സ്വത്തിന് വേണ്ടി ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് അല്ലെന്നും കാവ്യാമാധവന്റെ അടുത്ത ബന്ധുവാണെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം കുറ്റകൃത്യത്തെ കുറിച്ച് ദിലീപിന് വ്യക്തമായ സൂചനയുണ്ടായിരുന്നുവെന്നാണ് സംശയം. ഇത് മാറ്റുന്നതിനാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖലയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബന്ധു കാവ്യാമാധവനുണ്ട്. ഈ ബന്ധുവാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യം കാവ്യയ്ക്ക് പോലും അറിയാനിടയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കാവ്യയുടെ ഈ ബന്ധുവും ദിപീലും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം ഇടപാടുകളാണോ ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും പൊലീസ് പരിശോധിക്കുകയാണ്.

ക്വട്ടേഷന്‍ കൊടുത്ത ‘മാഡ’ത്തെ കുറിച്ച് സുനി പൊലീസിനോട് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. കാറില്‍ നടിയെ ആക്രമിക്കുമ്പോള്‍ ഇത് മറ്റൊരു നടിയുടെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴി തിരിക്കാനുള്ള നീക്കമായി വിലയിരുത്തി. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തില്‍ ഇതിനെ കാര്യമായെടുത്തില്ല. ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് അങ്ങനെയല്ല. കഥയിലെ വില്ലത്തി ‘മാഡം’ ആണെന്നാണ് പൊലീസിന്റെ സംശയം. പീഡന ദൃശ്യങ്ങളും ഈ മാഡത്തിന് കൈമാറിയെന്നും പൊലീസ് കരുതുന്നു. ഈ സ്ത്രീയെ ഉറപ്പിക്കാനാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് വേണ്ടി കൂടിയാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യുന്നത്.

കാക്കനാട്ടെ കാവ്യയുടെ കടയായ ലക്ഷ്യയിലും വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തി. ഇതില്‍ ലക്ഷ്യയില്‍ മാത്രമാണ് പൊലീസിന് പ്രവേശിക്കാനായത്. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കൃത്യം നിര്‍വ്വഹിച്ച ശേഷം പള്‍സര്‍ എന്തിന് കാവ്യയുടെ സ്ഥാപനത്തില്‍ എത്തി എന്നത് പൊലീസിനെ ഞെട്ടിക്കുന്നു. പീഡനത്തിന് ഉപയോഗിച്ച വാഹനത്തില്‍ അര്‍ദ്ധരാത്രി കോളനിയിലെത്തി മതില്‍ ചാടിക്കടന്ന് വേണ്ടപ്പെട്ടവര്‍ക്ക് സുനി ഇത് കൈമാറിയെന്നാണ് വിവരം. അപ്പോഴും കേസില്‍ പിടിക്കപ്പെടുമെന്ന് സുനി കരുതിയിരുന്നില്ല. പിടി തോമസ് എംഎല്‍എയുടെ ഇടപെടല്‍ എല്ലാം അസ്ഥാനത്താക്കി. ഇതോടെയാണ് വീണ്ടും ലക്ഷ്യയില്‍ സുനി എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

കാവ്യയുടെ അമ്മയും അച്ഛനും വീടു പൂട്ടി പോയതും പൊലീസിനെ കുഴക്കുന്നുണ്ട്. ഇതുമൂലം വീട്ടിലെ റെയ്ഡ് നടക്കാതെ പോയി. ലക്ഷ്യയിലെ റെയ്ഡ് വിവരത്തോടെ നിര്‍ണ്ണായകമായ തെളിവുകള്‍ പലതും മാറ്റാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. ഏതായാലും മാഡത്തെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവ് കിട്ടിയാല്‍ ഉടന്‍ അവരെ അറസ്റ്റ് ചെയ്യും.

അതേ സമയം ദിലീപ്-കാവ്യാ വിവാഹം കഴിഞ്ഞതോടെ പുറത്തുവന്ന ഓഡിയോയും പൊലീസ് പരിശോധിക്കാന്‍ സാധ്യതയുണ്ട്. കാവ്യാ മാധവനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി താരത്തിന്റെ ആദ്യഭര്‍ത്താവിന്റെ അമ്മയുടെ ഓഡിയോ ആണ് പൊലീസ് അന്വേഷണ വിധേയമാക്കുന്നത്. കാവ്യാമാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം ഒരു മാധ്യമപ്രവര്‍ത്തകനുമായി നിഷാലിന്റെ മാതാവ് നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

മകന്റെ ബന്ധം തകരാന്‍ കാരണം ദിലീപുമായി കാവ്യക്കുണ്ടായിരുന്ന ബന്ധമായിരുന്നെന്ന് നിഷാലിന്റെ അമ്മ പറയുന്നു. നിഷാല്‍ ചന്ദ്രയെ കൊലപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതായും ഓഡിയോയില്‍ പറയുന്നതായി സമയം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചിയിലുള്ള ഒരു സംഘത്തിനെ വച്ച് നിഷാലിനെ കൊലപ്പെടുത്താനായിരുന്നു ദിലീപിന്റെ പദ്ധതി. നിഷാല്‍ ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് അപകീര്‍ത്തിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്നും ഓഡിയോയില്‍ പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കാവ്യയുടെ അമ്മ മാധ്യമങ്ങളില്‍ നിഷാലിനെ കുറിച്ച് മോശമായി എഴുതിപ്പിച്ചതെന്നും ഇന്റര്‍വ്യു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഓഡിയോയില്‍ പറയുന്നു.

ഈ വെളിപ്പെടുത്തലുകള്‍ ശരിയാണെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ ഇവ നിര്‍ണ്ണായകമാകുമെന്നാണ് പൊലീസിന്റെ പക്ഷം. നിഷാലിനെതിരായ ഭീഷണിയെ കുറിച്ചാണ് പൊലീസ് പരിശോധിക്കുന്നത്. വേണ്ടി വന്നാല്‍ നിഷാലിനോടും കാര്യങ്ങള്‍ തിരക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തെ കൊണ്ടു പോകാനാണ് തീരുമാനം. മാഡമെന്ന് പൊലീസ് സംശയിക്കുന്ന സ്ത്രീയ്ക്ക് സിനിമയില്‍ അടുത്ത ബന്ധങ്ങളുണ്ട്. ഇതെല്ലാം കാവ്യയുടെ പേരുപയോഗിച്ചുണ്ടാക്കിയതുമാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലും സജീവം. ഇവര്‍ക്കും പള്‍സര്‍ സുനിക്കും തമ്മിലെ ബന്ധം സ്ഥാപിക്കാനായാല്‍ അത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയ്ല്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍ നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണു സ്ഥാപനത്തില്‍ നടത്തിയ പരിശോധന. ഇതു സംബന്ധിച്ചു സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. അതീവ രഹസ്യമായാണു പൊലീസ് സംഘമെത്തിയത്. നടിയുടെ വീട്ടീലും പൊലീസെത്തിയത് ആരും അറിയാതെയാണ്.

നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍പോകും മുന്‍പാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി മൊഴി നല്‍കിയത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും ചില കാര്യങ്ങള്‍ തിരക്കിയിരുന്നു. പണമിടപാടു സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പോലീസ് പരിശോധിക്കുകയുണ്ടായി.