ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടു

single-img
2 July 2017

കോഴിക്കോട്: കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവരാണ് കൊല്ലപ്പെട്ടതെന്നാണ് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

ഇതോടെ ഐ.എസില്‍ ചേരാന്‍ പോയി മരിച്ച മലയാളികളുടെ എണ്ണം പത്തായി. പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിഭാഗത്തില്‍ പെട്ട എല്ലാവരേയും ബെഹറിന്‍ സംഘമെന്നാണ് പോലീസ് വൃത്തങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ പാലക്കാട് നിന്നുള്ള അബു താഹിര്‍ എന്നൊരാളും കഴിഞ്ഞമാസം സിറിയയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ഐഎസിന്റെ സഖ്യസംഘടനയായ ജബാഹത്ത് അല്‍ നുസ്‌റയില്‍ ചേരാന്‍ പുറപ്പെട്ടതാണ്. നവമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ മലയാളികളെ തെരഞ്ഞെടുക്കുന്നത്. ഇതിനായി 30തോളം ശബ്ദസന്ദേശങ്ങള്‍ വാട്‌സാപ്പ് വഴി അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.