‘അമ്മ’ പിരിച്ചുവിടണമെന്ന് ഗണേഷ്‌കുമാര്‍; നടീനടന്മാര്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഈ സംഘടന എന്തിന്?

single-img
2 July 2017

കൊല്ലം: താരസംഘടനയായ അമ്മയ്‌ക്കെതിരെ നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ താരസംഘടന മൗനം പാലിച്ചു. വിഷയത്തില്‍ അമ്മ ഗൗരവമായി ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു.

പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അമ്മയ്‌ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ 13 പേജുളള കത്തില്‍ ഗണേഷ്‌കുമാര്‍ വിശദമാക്കുന്നു.

ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ് കുമാര്‍ കത്തില്‍ ഉന്നയിക്കുന്നത്. ദിലീപിനെ വേട്ടയാടിയപ്പോള്‍ അമ്മ നിസംഗത പാലിച്ചു. പ്രസിഡന്റ് ഇന്നസെന്റിനോട് ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിലപാട് സ്വീകരിച്ചില്ല. മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

എന്തായിരുന്നു ‘അമ്മ’യുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. ഏത് മാനദണ്ഡപ്രകാരമാണ് ഈ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ഇന്നത്തെ സംഘടനയുടെ മുഖം പ്രസിഡന്റായിരിക്കുന്ന അങ്ങയെപ്പോലും ലജ്ജിപ്പിക്കും. ‘അമ്മ’യുടെ ഭൂതകാലം അറിയുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെ തന്നെ കരുതും എന്നാണ് വിശ്വസിക്കുന്നതെന്നും ഗണേഷ് കത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ‘അമ്മ’യുടെ യോഗത്തിന് മുന്‍പ് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. യോഗശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച ഗണേഷിന്റെ നടപടി വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.