ഓരോ നൂറുസെക്കന്റിലും ഓടുന്ന ഡ്രൈവറില്ലാ ട്രെയിന്‍; പുതുപുത്തന്‍ ടെക്‌നോളജിയുമായി ഡല്‍ഹി മെട്രോ

single-img
2 July 2017

ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടുന്ന മജന്തലൈന്‍ ഈ ഒക്ടോബറില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനൊരുങ്ങുകയാണ് ഡല്‍ഹി മെട്രോ. ഡ്രൈവറില്ലാത്ത മെട്രോ ട്രെയിന്‍ ഓടിക്കുന്ന ആദ്യ പാതയാണ് മജന്ത ലൈന്‍. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനകപുരി വെസ്റ്റ് വരെ 37 കിലോമീറ്റര്‍ വരെയുള്ള പാതയിലാണ് ട്രെയിന്‍ ഓടുന്നത്.

ഓരോ നൂറു സെക്കന്റിലും ഈ പാതയിലൂടെ ട്രെയിന്‍ ഓടും. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ട്രെയിനുകള്‍ ഓടുന്നത്. നിലവില്‍ 135 സെക്കന്റ് ഇടവിട്ടാണ് ട്രെയിനുകള്‍ മെട്രോസ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഈ ടെക്‌നോളജിയില്‍ ട്രെയിന്‍ എത്തുന്ന സമയം 100 സെക്കന്റ് ആയി കുറയും.

മജന്തയിലും ഡിസംബറില്‍ തുറന്നുകൊടുക്കാന്‍ പോവുന്ന പിങ്ക് ലൈനിലും ഈ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെയുള്ള പാതയാണ് പിങ്ക് ലൈന്‍. കൊച്ചി മെട്രോയില്‍ ഉപയോഗിച്ച ടെക്‌നോളജിയേക്കാള്‍ മികച്ച ടെക്‌നോളജിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഡ്രൈവര്‍ ഇല്ലാതെ ഓടുന്നതായതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള ഓട്ടോമേഷന്‍ ആണ് ഇവിടെ ഉപയോഗിക്കുന്നത്.

ഓരോ ട്രെയിനിന്റേയും കൃത്യമായ ലോക്കേഷന്‍ എപ്പോഴും ലഭിക്കത്തക്കവിധത്തിലാണ് കണ്‍ട്രോള്‍ സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത്. സാധാരണ മെട്രോയില്‍ രണ്ടു ട്രെയിനുകള്‍ തമ്മിലുള്ള ദൂരം 5090 മീറ്റര്‍ ആയിട്ടാണ് നിലനിര്‍ത്തുന്നത്. എന്നാല്‍ ഈ ലൈനുകളില്‍ ഫ്രീക്വന്‍സി കൂടുന്നതിനാല്‍ ദൂരം 30 മീറ്റര്‍ ആയി കുറയും. ഇതുകൊണ്ടു തന്നെ ഈ പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ ആവശ്യം വരുമെന്ന് ഡിഎംആര്‍സി പ്രതിനിധി അറിയിച്ചു.