സ്റ്റാര്‍ഹോട്ടലുകളില്‍ താമസം, ആഢംബര കാറുകളില്‍ യാത്ര; ഫെയ്‌സ്ബുക്ക് തട്ടിപ്പിലൂടെ യുവതിയും സുഹൃത്തും നയിച്ചത് ആഡംബര ജീവിതം

single-img
2 July 2017

കൊച്ചി: ഫെയ്‌സ്ബുക്ക് വഴി തൊഴില്‍ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവതിയും സുഹൃത്തും നയിച്ചത് അത്യാഢംബര ജീവിതം. ലക്ഷ്വറി കാറുകളില്‍ യാത്ര ചെയ്തും വലിയ ഹോട്ടലുകളില്‍ താമസിച്ചുമാണ് കുന്ദംകുളം സ്വദേശി കൃഷ്‌ണേന്ദുവും(21) സുഹൃത്ത് ജിന്‍സണും തട്ടിപ്പ് നടത്തിയിരുന്നത്. ആഡംബര ജീവിതത്തോടുളള ഭ്രമമാണ് ചെറു പ്രായത്തില്‍ തന്നെ ഇത്തരമൊരു തട്ടിപ്പു തുടങ്ങാന്‍ കൃഷ്‌ണേന്ദുവിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഗള്‍ഫില്‍ സ്വന്തമായി തുടങ്ങാന്‍ പോകുന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തില്‍ സെയില്‍സ് മാന്‍ തസ്തികയിലേക്കു ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഒരാളില്‍ നിന്നും 53,000 രൂപാ വീതം ആകെ 45 ലക്ഷത്തോളം രൂപ ഫെയ്‌സ്ബുക് വഴി ഇരുവരും ചേര്‍ന്നു തട്ടിയെടുത്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ പണമുപയോഗിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വന്‍കിട ഹോട്ടലുകളില്‍ താമസിക്കുകയും വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകളില്‍ യാത്ര ചെയ്യുകയുമാണ് ഇവരുടെ പതിവ്.

83 യുവാക്കളാണ് ഇത്തരത്തില്‍ ഇവരുടെ തട്ടിപ്പിന് ഇരയായത്. ജിന്‍സന്റെ സൗഹൃദവലയത്തിലുളളവരാണ് ഇവരില്‍ ഏറെയും പേര്‍. പണം നല്‍കിയവരുടെ യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷം പിന്‍മാറിയതോടെയാണ് ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പ് മനസിലാക്കിയത്. വെണ്ണല സ്വദേശിയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് യുവാവിനെയും യുവതിയെയും തന്ത്രപൂര്‍വം സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരില്‍ ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കൃഷ്‌ണേന്ദു തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. പഠനം പൂര്‍ത്തിയായതിനു പിന്നാലെയാണ് ജിന്‍സണുമായി അടുപ്പത്തിലാവുന്നത്. ആഡംബരജീവിതം ആഗ്രഹിച്ചിരുന്ന ഇരുവരും ഇതിനുളള പണം കണ്ടെത്താനാണ് തൊഴില്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പൊലീസിന് മൊഴി നല്‍കി. അറസ്റ്റിലായ കൃഷ്‌ണേന്ദുവിന് വീട്ടുകാരുമായി കാര്യമായ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

നാലു തവണ കൃഷ്‌ണേന്ദു ഗള്‍ഫിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സ്ഥാപനങ്ങളുമായി ഇവര്‍ക്കുളള ബന്ധവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.