നടിയെ ആക്രമിച്ച കേസന്വേഷണം നീളുന്നതില്‍ ഡിജിപിക്ക് അതൃപ്തി; അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

single-img
2 July 2017

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്‌റ അന്വേഷണം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു. കേസ് അന്വേഷണത്തിന്റെ പുരോഗതിയും ഡിജിപി ചോദിച്ചറിഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കില്‍ പ്രതികള്‍ ആരായാലും പിടികൂടാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏകോപനമില്ലെന്നും സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം മികച്ച നിലയിലാണു മുന്നോട്ടുപോകുന്നത് എന്ന് ബെഹ്‌റ പറഞ്ഞു.