ബാറിനു മുന്നില്‍ പ്രവേശനോത്സവം; കുടിയന്മാരെ പോലീസ് പൊക്കി

single-img
2 July 2017

തിരുവനന്തപുരം: പുതിയ മദ്യനയം നിലവില്‍ വന്നതോടെ പൂട്ടിയിരുന്ന 77 ബാറുകള്‍ കൂടി രണ്ടര വര്‍ഷത്തിനു ശേഷം തുറന്നു. രാവിലെ 11 മണിയോടെയായിരുന്നു പുതുതായി അനുമതി ലഭിച്ച ബാറുകള്‍ തുറന്നത്. വന്‍ ആഘോഷങ്ങളുമായി വമ്പന്‍ ഓഫറുകള്‍ ഒരുക്കിയാണ് ചില ബാറുകള്‍ മദ്യപരെ വരവേറ്റത്. രണ്ടരവര്‍ഷത്തിനുശേഷം ജോലിക്കെത്തിയ സന്തോഷം ബാര്‍ ജീവനക്കാരില്‍ പ്രകടമായിരുന്നു. രാവിലെ 11 മുതല്‍ 11 വരെയാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, കൊല്ലത്ത് ബാറിനു മുന്നില്‍ ‘പ്രവേശനോത്സവം ‘ ആഘോഷിച്ചവരെ പൊലീസ് പിടികൂടി. നഗരമധ്യത്തില്‍ തുറന്ന ബാറിനു മുന്നില്‍ ഒരു സംഘം ആളുകള്‍ എത്തി പടക്കം പൊട്ടിച്ചും, സംഭാര വിതരണം നടത്തിയും ആഘോഷിക്കവെ പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. രാവിലെ 11 നു ബാര്‍ തുറന്നപ്പോള്‍ ഇവര്‍ ആഘോഷമായി എത്തുകയായിരുന്നു. പോലീസ് എത്തി വാഹനത്തില്‍ ആഘോഷിച്ചവരെയെല്ലാം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

പുതുക്കിയ മാനദണ്ഡപ്രകാരം ഇന്നലെ രാവിലെ വരെ 81 ബാറുകള്‍ തുറക്കുന്നതിനുള്ള അപേക്ഷയായിരുന്നു ലഭിച്ചിരുന്നത്. ഈ അപേക്ഷയില്‍ നിന്നും77 പേര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കി. നാലെണ്ണത്തിന്റെ പരിശോധന പൂര്‍ത്തീകരിക്കാനുണ്ട്. ഇവരുടെ അപേക്ഷ എക്‌സൈസ് കമമീഷ്ണറുടെ പരിഗണനയിലാണ്. 2112 കള്ളുഷാപ്പുകളും പുതുതായി പുതുക്കി നല്‍കിയിട്ടുണ്ട്‌. രണ്ടായിരത്തിലേറെ കള്ളുഷാപ്പുകള്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നില്ല.