പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ ന്യായീകരിച്ച് അമിത് ഷാ; ‘മുന്‍പും ജനക്കൂട്ടം മനുഷ്യനെ തല്ലിക്കൊന്നിട്ടുണ്ട്’

single-img
2 July 2017

പനാജി: പശുവിന്റെ പേരില്‍ ജനങ്ങളെ മര്‍ദ്ധിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങളെ ന്യായീകരിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ടഹത്യകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിക്ക് ഓള്‍ ഇന്ത്യാ മുസ്ലീം മജഌസ് ഇ മുഷാവറത്ത് അയച്ച കത്തിനു പിന്നാലയാണ് അമിത് ഷാ മറുപടിയുമായി എത്തിയത്. ജനക്കൂട്ടം വിചാരണ നടത്തി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ മുമ്പും ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുണ്ട്.

അന്നൊക്കെ ആരും എന്തുകൊണ്ട് ഇക്കാര്യം ചോദ്യം ചെയ്തിരുന്നില്ലെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടക്കുന്ന അക്രമങ്ങളില്‍ ബിജെപി സര്‍ക്കാര്‍ പഴി കേള്‍ക്കുകയാണ്. നമ്മുടെ രാജ്യത്ത് 2011, 2012, 2013 കാലത്ത് ഇതിലും കൂടുതല്‍ ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്ന് ഇതിനെ ആരും ചോദ്യം ചെയ്തിരുന്നില്ല. പിന്നെ, ഇപ്പോള്‍ ചോദ്യം ചെയ്യുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം എന്തെന്ന് അമിത് ഷാ ചോദിക്കുന്നു. സമാജ് വാദി ഭരണത്തലിരിക്കെയാണ് ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദ്ധിച്ച് കൊന്നത്. എന്നിട്ടും കുറ്റം ചാര്‍ത്തപ്പെട്ടത് മോദി സര്‍ക്കാരിനായിരുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗോവയില്‍ ഗോവധ നിരോധം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

പക്ഷെ , അവിടെ നിരോധനം ഏര്‍പ്പെടുത്തിയത് ബിജെപി അല്ല. മുമ്പ് തന്നെ ഗോവയില്‍ അത് നിലനില്‍ക്കുന്നുണ്ട്. അതേസമയം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഗോവയില്‍ മൊത്തമുള്ള ജനസംഖ്യയെ അപേക്ഷിച്ച് അധികമാണ് ഇവിടങ്ങളിലെ ന്യൂനപക്ഷമെന്ന് ഷാ ചുണ്ടിക്കാട്ടി. അവിടെയുള്ളവര്‍ക്ക് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.