‘ഇനി മറ്റൊരു യാത്രക്ക് തുടക്കമായി’;ആഗസ്റ്റ് സിനിമാസിനോട് വിട പറഞ്ഞ് പൃഥിരാജ്

single-img
2 July 2017

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണവിതരണ കമ്പനിയായ ആഗസ്റ്റ് സിനിമാസില്‍ നിന്ന് പിന്മാറി നടന്‍ പൃഥിരാജ്. സ്വയം നായക വേഷത്തിലെത്തിയ ഉറുമിയും, ഇന്ത്യന്‍ റുപ്പിയും ഉള്‍പ്പെടെ നിരവധി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ കമ്പനിയുടെ പങ്കാളിത്തമാണ് നടന്‍ വിടുന്നത്. ‘അവസാനം എല്ലായ്‌പ്പോഴും ഒരു തുടക്കമാണ്’ എന്ന ശീര്‍ഷകത്തില്‍ നല്‍കിയ ഫേസ്ബുക്ക് കുറിപ്പില്‍ ഓഗസ്റ്റ് സിനിമ വിടുന്ന കാര്യം പ്രഖ്യാപിക്കുന്നതോടൊപ്പം പുതിയ കമ്പനി തുടങ്ങുമെന്ന സൂചനയുമുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷമായി കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു ഞങ്ങള്‍. ഇക്കാര്യത്തില്‍ എന്റെ പങ്കാളികളുടെ ഭാഗത്തു നിന്നുണ്ടായ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ക്ക് എനിക്കവരോട് നന്ദിയുണ്ട്…ഇനി മറ്റൊരു യാത്രയ്ക്ക് തുടക്കം കുറിക്കാനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്. ആ യാത്രയില്‍ ഒരു കൂട്ടുക്കെട്ടിന്റെ ഭാഗമാക്കാന്‍ എനിക്കായെന്ന് വരില്ല…..എന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ക്യാമറമാനും സംവിധായകനുമായ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് പൃഥിരാജ് 2010ല്‍ തിരുവനന്തപുരം ആസ്ഥാനമായി ആഗസ്റ്റ് സിനിമാസിന് തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ് നടന്‍ ആര്യയും ഈ കൂട്ടായ്മയില്‍ പങ്കാളിയായി. ഒരു നല്ല സിനിമ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്തോഷ് ശിവനും ഷാജി നടേശനും താനും ചേര്‍ന്ന് ആഗസ്റ്റ് സിനിമാസിന് തുടക്കമിട്ടതെന്ന് പൃഥിരാജ് ഓര്‍ക്കുന്നു.

2011ല്‍ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയാണ് ഓസ്റ്റ് സിനിമാ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. സന്തോഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. നായകനായ പൃഥ്വിരാജിനൊപ്പം ആര്യ അതിഥിതാരമായി ഉറുമിയില്‍ വേഷമിടുകയും കമ്പനിയില്‍ ഡയറക്ടറാകുകയും ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്ത, പൃത്ഥ്വി തന്നെ നായകനായ ഇന്ത്യന്‍ റുപ്പി ആയിരുന്നു കമ്പനിയുടെ രണ്ടാമത്തെ ചിത്രം. സംസ്ഥാന അവര്‍ഡ് നേടിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച കലക്ഷനും നേടി.

കടല്‍ കടന്നൊരു മാത്തുക്കുട്ടി, സപ്തമശ്രീ തസ്‌കര, ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗകരിക്കിന്‍ വെള്ളം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയവയാണ് ആഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍. യോദ്ധാവ്, ലുക്കാചുപ്പി, ഇയോബിന്റെ പുസ്തകം, സെവന്‍ത് ഡേ, ബാംഗ്ലൂര്‍ ഡേയ്‌സ്, അഞ്ച് സുന്ദരികള്‍, മോളി ആന്റി റോക്ക്‌സ്, ബാച്ച്‌ലര്‍ പാര്‍ട്ടി, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങള്‍ തീയേറ്ററിലെത്തിച്ചതും ആഗസ്റ്റ് സിനിമാസാണ്.