അമ്മയുടെ യോഗത്തില്‍ നടന്നത് വളച്ചൊടിച്ചു; മാധ്യമവാര്‍ത്തകളെ തള്ളി നടി ഊര്‍മിള ഉണ്ണി

single-img
1 July 2017

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് നടി ഊര്‍മിള ഉണ്ണി. ദിലീപ് ആരോപണ വിധേയനായതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ദിലീപിന് പൂര്‍ണപിന്തുണ നല്‍കുകയും നടിയുടെ വിഷയത്തില്‍ തണുത്ത സമീപനം സ്വീകരിക്കുകയും ചെയ്‌തെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ മാധ്യമങ്ങളുടെ ഈ പരാമര്‍ശങ്ങളെ അപ്പാടെ തള്ളുകയാണ് നടി ഊര്‍മിള ഉണ്ണി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി യോഗത്തില്‍ ശരിക്കും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്. താന്‍ അമ്മയുടെ മീറ്റിങ്ങില്‍ എത്തുമ്പോള്‍ ആകെ മൂകതയായിരുന്നു അനുഭവപ്പെട്ടത്.

അധികമാരും സംസാരിച്ചിരുന്നില്ല. എന്നാല്‍ യോഗം തുടങ്ങി ഇന്നസെന്റ് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഹാളില്‍ ചിരി തുടങ്ങി. പിന്നങ്ങോട്ട് മമ്മൂക്കയും ലാലേട്ടനും മുകേഷും ഗണേഷും ഒക്കെ ഏറ്റുപിടിച്ചു. പിന്നീട് എല്ലാവരും റിലാക്‌സ്ഡ് ആയപ്പോഴായിരുന്നു ദിലീപിന്റ് വരവ്. തുടര്‍ന്ന് എല്ലാവര്‍ക്കും ആശ്വാസമായി. കേട്ടിരുന്ന ആര്‍ക്കും ചോദ്യമാകാം എന്ന് ഇന്നസെന്റും ഗണേശും ആവര്‍ത്തിച്ചു പറഞ്ഞു. ചോദ്യങ്ങള്‍ വന്നില്ല.

കാരണം തങ്ങളെല്ലാവരും അവരുടെ വാക്കുകളില്‍ തൃപ്തരായിരുന്നു. ദിലീപും നടിയും അമ്മയുടെ പ്രിയമക്കളാണെന്നും രണ്ടുപേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അക്കാര്യം മാധ്യമങ്ങളില്‍ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നസെന്റ് ആവര്‍ത്തിച്ചു പറഞ്ഞു. വൈകിട്ട് പ്രസ് മീറ്റ് സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോള്‍ ഏതോ പത്രക്കാരന്‍ ചോദ്യങ്ങളുന്നയിച്ച് മുന്നോട്ട് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഇതുകണ്ട് മമ്മൂക്കയും ലാലേട്ടനും മൗനം പാലിച്ചു. പക്ഷെ ഗണേശും മുകേഷും തത്സമയം ചൂടായി. സ്വന്തം വീട്ടില്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടം കോലിട്ടാല്‍ ആരാണ് ചൂടാവാതിരിക്കുക ഊര്‍മിള ഉണ്ണി ചോദിക്കുന്നു. ഇവിടെ വലിയ പ്രശ്‌നങ്ങളൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങള്‍ക്ക് ഒരിക്കലും തൃപ്തികരമല്ല എന്ന് താന്‍ അനുമാനിക്കുന്നതായും നടി പറയുന്നു.

അവര്‍ക്ക് പൊടിപ്പും തൊങ്ങലും ചേര്‍ത്തു വാര്‍ത്ത നല്‍കലാണല്ലോ പ്രധാനം. തിരിച്ചെത്തി സന്ധ്യാവാര്‍ത്താ ടിവിയില്‍ കണ്ടു. പിന്നീട് 8മണിയുടെ ചര്‍ച്ചകളും. താന്‍ നേരില്‍ കണ്ട് അനുഭവിച്ചതിന് നേര്‍വിപരീതമായി വാര്‍ത്തകള്‍ വരുന്നു. ഇതെന്താണ് സംഭവിക്കുന്നതെന്നറിയാതെ ഏറെ നേരം അങ്ങനെ തന്നെ ഇരുന്നു. വളരെ സമാധനപരമായായിരുന്നു മീറ്റിങ്ങ് അവസാനിച്ചതെങ്കില്‍ ഇതിനെ തരം താഴ്ത്തി ചര്‍ച്ചകള്‍ ചാനലില്‍ പരക്കുകയാണ്. അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് മറ്റൊരു സത്യം. ആരൊക്കെയോ സ്വന്തം ഭാവനയില്‍ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വൃത്തിയായി കാര്യങ്ങള്‍ പറയുന്നുണ്ട്. മഞ്ജുവും ഗീതുവും മറ്റും ചേര്‍ന്ന് പുതിയ വനിതാ സംഘടനയെ പൂര്‍ണമായി ‘അമ്മ’ പിന്‍തുണക്കുന്നു എന്നും അതിന് ഗീതു സ്റ്റേജില്‍ കയറി നന്ദി പറഞ്ഞതും നേരില്‍ കണ്ടയാളാണ് താന്‍. എന്നാല്‍ ടിവിയില്‍ എല്ലാ ചാനലുകളിലും നേര്‍വിപരീതമായാണ് വാര്‍ത്തകള്‍ വരുന്നത്. ആരാന്റമ്മക്ക് പ്രാന്തിളക്കുമ്പോള്‍ കണ്ടുനില്‍ക്കാന്‍ നല്ല രസം പോലെ എന്ന തരത്തിലാണ് കാര്യങ്ങള്‍. അറിയപ്പെടുന്ന ഒരും നടിയും നടനുമാണ് ഇവിടെ കഥാപാത്രങ്ങളാകുന്നത്.

നടിക്കു പ്രശ്‌നമുണ്ടായ ഉടനെ എറണാകുളത്ത് പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്‍മാരും സാങ്കേതിക വിദഗ്ദരും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങള്‍ മറന്നു പോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പോ ബഹളം വെക്കുന്നു. ദിലീപിനു പ്രശ്‌നം വന്നസമയത്തും അമ്മ കൂടെ നിന്നപ്പോള്‍ അമ്മക്കു മകള്‍ വേണ്ടേ .. .മകന്‍ മതിയേ… ന്നും പറഞ്ഞു മാധ്യമബഹളം. പോരാത്തതിന് സിനിമക്കാരുടെ സംസ്‌ക്കാരത്തെ പറ്റി പറഞ്ഞു കുറേ ചാനലുകള്‍. ഒരു പ്രശനവും, ഡൈവോഴ്‌സും സംഭവിക്കാത്ത എത്ര കുടുംബങ്ങളുണ്ട്.

ഇവരുടെ ഒക്കെ ഇടയില്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ഇപ്പോള്‍ തോന്നുന്നു. എന്തായാലും സിനിമാ താരങ്ങളെ കരിവാരി തേക്കുമ്പോള്‍ സാധാരണക്കാരനു കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയെന്ന് ചാനല്‍ വാര്‍ത്തകളിലൂടെ ബോധ്യമായി. വളര്‍ന്നു വരുന്ന ഒരു മകള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത്. ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക.

ആര്‍ക്കും ഈ ഗതി വരാമെന്നും നടി പറയുന്നു. സത്യം തെളിയിക്കാന്‍ കോടതിയും പോലീസും ഒക്കെ ഉള്ളപ്പോള്‍ എന്തും വിളിച്ചു കൂവരുതെന്ന് നടി ഫെയ്‌സ്ബുക്കിലൂടെ ഓര്‍മപ്പെടുത്തുന്നു. ഒടുവില്‍ കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നു പറഞ്ഞാണ് ഊര്‍മിള ഉണ്ണി പോസ്റ്റ് അവസാനിപ്പിക്കുന്നത്.