ജിഎസ്ടി സംസ്ഥാനത്ത് ഗുണം ചെയ്യുമെന്ന് തോമസ് ഐസക്; ഉദ്യോഗസ്ഥര്‍ കേന്ദ്രബിന്ദുവായ നികുതിപിരിവു സമ്പ്രദായം ഇനിയില്ല

single-img
1 July 2017

പുതിയ നികുതി സംവിധാനം കേരളത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ജി.എസ്.ടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി നടപ്പാക്കിയതോടെ ഉദ്യോഗസ്ഥര്‍ കേന്ദ്രബിന്ദുവായ നികുതി പിരിവ് സമ്പ്രദായം ഇല്ലാതായെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിന്റെ നികുതി വരുമാനത്തിലെ വര്‍ധന പത്തു ശതമാനമാണ്. ചിലവിലെ വര്‍ധന 15 ശതമാനവും. ജിഎസ്ടി നടപ്പാക്കുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 20 ശതമാനം വച്ച് വര്‍ധിക്കും എന്നാണ് പ്രതീക്ഷയെന്ന് തോമസ് ഐസക് പറഞ്ഞു. ഈ വളര്‍ച്ച നാലു വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിലവിലെ സാമ്പത്തികകമ്മി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ വാറ്റ് സംവിധാനം ഉദ്ദേശിച്ച ഫലം നല്‍കാത്ത സാഹചര്യത്തിലാണ് ജിഎസ്ടിയുടെ വരവെന്നും അദ്ദേഹം പറഞ്ഞു. നികുതിക്കുമേല്‍ നികുതി എന്ന അവസ്ഥയ്ക്ക് വിരാമമിടാന്‍ വാറ്റിനു സാധിച്ചില്ല. ജിഎസ്ടിയെ സ്വീകരിക്കാന്‍ ഏറ്റവും നന്നായി തയാറെടുത്ത സംസ്ഥാനം കേരളമാണെന്നും തോമസ് ഐസക് അവകാശപ്പെട്ടു.

മറ്റു പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പ്രാരംഭദശയിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു പല വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേ സമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ജി.എസ്.ടിയുടെ ഉദ്ഘാടനം നടന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തമായിട്ടായിരുന്നു ജി.എസ്.ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.