തന്നെ തളയ്ക്കാന്‍ സര്‍ക്കാര്‍ വച്ചത് കശാപ്പുകാരനെയെന്ന് ടിപി സെന്‍കുമാര്‍; ‘ദിലീപിനെ ചോദ്യം ചെയ്തത് ശരിയായില്ല’

single-img
1 July 2017

നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ദിലീപിനെ ചോദ്യം ചെയ്തതിന് വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍. സംഘത്തലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായില്ല. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യല്‍ എന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു. ദിലീപിനെ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനോട് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.

പൊലീസ് ആസ്ഥാനത്ത് എഡിജിപി ടോമിന്‍ തച്ചങ്കരിയെ ഇടത് സര്‍ക്കാര്‍ നിയമിച്ചതിനെയും സെന്‍കുമാര്‍ പരിഹസിച്ചു. കുഴപ്പമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ടോമിന്‍ തച്ചങ്കരി ഭരണപരമായി അറിവുള്ള ആളല്ലെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു. തന്നെ തളയ്ക്കാനായിരുന്നെങ്കില്‍ വേണ്ടിയിരുന്നത് മിടുക്കനായ ഉദ്യോഗസ്ഥനെയായിരുന്നുവെന്നും ന്യൂറോ സര്‍ജന്‍ വേണ്ടിടത്ത് സര്‍ക്കാര്‍ വച്ചത് കശാപ്പുകാരനെയാണെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.

ഏറെ നാളത്തെ നിയമപോരാട്ടത്തിനുശേഷം സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ സെന്‍കുമാര്‍ ഇന്നലെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നും പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം വേണമെന്നും ഇന്നലെ സെന്‍കുമാര്‍ ഉത്തരവിറക്കിയിരുന്നു.

ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തവരുടെ സംഘത്തില്‍ എഡിജിപി ബി സന്ധ്യയും റൂറല്‍ എസ്പി ജോര്‍ജും ആലുവ സിഐയുമാണ് ഉണ്ടായിരുന്നത്. 13 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. നടന്‍ ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടോയെന്ന് ഡിജിപി നേരത്തെ ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണവും.