എങ്ങനെ ജയില്‍ ചാടണമെന്ന് പള്‍സര്‍സുനി പഠിക്കുന്നു; സഹോദരിയോട് ആവശ്യപ്പെട്ടത് കുപ്രസിദ്ധ ജയില്‍ചാട്ടക്കാരന്റെ ആത്മകഥ

single-img
1 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തടവില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനി വായിക്കാനായി ആവശ്യപ്പെട്ടത് ഒന്‍പത് തവണ ജയില്‍ ചാടി പിടിക്കപ്പെടുകയും പത്താം ശ്രമത്തില്‍ രക്ഷപ്പെടുകയും ചെയ്ത ഹെന്‍ട്രി ഷാലിയര്‍ ഫ്രഞ്ച് തടവുകാരന്റെ അത്മകഥ. കഴിഞ്ഞ ദിവസം സഹോദരിയെ ഫോണില്‍ വിളിച്ചപ്പോഴാണ് പാപ്പിലോണ്‍ എന്ന പുസ്തകം വേണമെന്ന് സുനില്‍ ആവശ്യപ്പെട്ടത്. ഫ്രഞ്ച് തടവുകാരനായ ഹെന്റി ഷാലിയറിന്റെ ആത്മകഥയായ പാപ്പിലോണ്‍ പുസ്തകമായും സിനിമയായും ഏറെ പ്രസിദ്ദമാണ്.

അതേസമയം സുനില്‍കുമാറിനെ കുടുംബാംഗങ്ങള്‍ കാക്കനാട് ജില്ലാ ജയിലിലെത്തി കണ്ടിരുന്നു. സുനി ജയിലിലായ ശേഷം ആദ്യമായാണ് കുടുംബം സന്ദര്‍ശനത്തിനെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താന്‍ പറഞ്ഞിട്ട് എഴുതിയതാണെന്ന് സുനില്‍ അറിയിച്ചതായി സഹോദരി പറഞ്ഞു.

കേസില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ കുരുക്കാകുമോ എന്ന് സുനില്‍ സംശയം പ്രകടിപ്പിച്ചതായി അമ്മയും സഹോദരിയും വ്യക്തമാക്കി. ഫോണ്‍ എത്തിച്ചത് തന്റെ അറിവോടെയല്ല. മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നായിരുന്നു സുനിയുടെ മറുപടിയെന്നും സഹോദരി പറഞ്ഞു.