ജിഎസ്ടി: ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
1 July 2017

ന്യൂഡല്‍ഹി: ജിഎസ്ടി രാഷ്ട്ര നിര്‍മാണത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അര്‍ധരാത്രിയില്‍ ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയാണ്. ജിഎസ്ടി രാജ്യത്തിന്റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണെന്നും പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ പ്രത്യേക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നടപ്പിലാക്കാന്‍ പ്രയത്‌നിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. മുന്‍ സര്‍ക്കാരുകളും ഇത് നടപ്പാക്കുന്നതിനായി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണ് ജിഎസ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുന്നതിനാണ് ജിഎസ്ടി നടപ്പിലാക്കുന്നത്. നികുതി ഘടനയിലെ ആശയക്കുഴപ്പവും വിപണിയിലെ അസമത്വങ്ങളും ജിഎസ്ടി ഇല്ലാതാക്കും. നിര്‍ധനരിലേക്ക് പ്രയോജനങ്ങള്‍ ഫലപ്രദമായി എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.