ടിവി അവതാരകന്റെ പരിഹാസം സഹിച്ചില്ല; ഉടന്‍ തന്നെ മിന്നലാക്രമണം നടത്തിയെന്ന് മനോഹര്‍ പരീക്കര്‍

single-img
1 July 2017

പനാജി: മാധ്യമപ്രവര്‍ത്തകന്റെ അപമാനകരമായ ചോദ്യമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രേരണയായതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. 2016 സെപ്റ്റംബര്‍ 29 ലെ മിന്നലാക്രമണത്തിനായി 15 മാസങ്ങള്‍ക്കു മുന്‍പുതന്നെ പദ്ധതിയിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. പനാജിയില്‍ നടന്ന വ്യവസായികളുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പരീക്കര്‍ വെളിപ്പെടുത്തിയത്.

2015ല്‍ മ്യാന്‍മറിലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ തീവ്രവാദി വിഭാഗമായ എന്‍എസ്‌സിഎന്‍ കെ നടത്തിയ ആക്രമണത്തില്‍ പതിനെട്ടോളം സൈനികര്‍ കൊല്ലപ്പെട്ടു. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ആദ്യമായി മിന്നലാക്രമണം ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിയില്‍ എണ്‍പതോളം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇത് ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റത്തോഡ് പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയിലാണ് അവതാരകന്‍ പരിഹാസം കലര്‍ന്ന ചോദ്യം ഉന്നയിച്ചത്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണം എന്തുകൊണ്ട് പാകിസ്താനെതിരെ നടത്തിക്കൂടാ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പാകിസ്താനെതിരെ മിന്നലാക്രമണം നടത്തിയതെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.