രോഗികള്‍ വലയും: മാലാഖമാര്‍ ജൂലൈ 11 ന് പണിമുടക്കും

single-img
1 July 2017

ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ അനിശ്ചിതകാല സമരം പണിമുടക്കിലേക്ക്. ജൂലൈ 11 ന് പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. അന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. രോഗികളെ ബുദ്ധിമുട്ടിക്കാത്ത സമരവുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് നഴ്‌സസ് അസോസിയേഷന്റെ നിലപാട്. സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ അന്ന് ജോലിക്കെത്തുകയുള്ളൂവെന്നും 20 ന് ശേഷം തീരുമാനമായില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി.

കുറഞ്ഞ വേതനം തൃപ്തികരമായ രീതിയില്‍ പുനര്‍ നിശ്ചയിക്കണമെന്ന അസോസിയേഷന്റെ ആവശ്യം മാനേജ്‌മെന്റുകള്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28നാണ് സമരം തുടങ്ങിയത്. പണിമുടക്കാതെ ജോലി സമയം ക്രമീകരിച്ചായിരുന്നു സമരത്തിലെ നഴ്‌സുമാരുടെ പങ്കാളിത്തം. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്.

സുപ്രീംകോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. അടിസ്ഥാന ശബളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍.