നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ ദിശയില്‍; ദിലീപിന്റെ അടുപ്പക്കാരിലേക്ക് അന്വേഷണം നീളുന്നു

single-img
1 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റെ അടുപ്പക്കാരിലേക്കും നീളുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര ഷോപ്പില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ തമ്മനത്തെ വില്ല കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം.

മലയാളത്തിലെ പ്രമുഖ നടി തമ്മനത്തെ വില്ലയിലാണ് താമസിക്കുന്നത്. നടിയെ ആക്രമിച്ച ഘട്ടത്തില്‍ ഇതൊരു ക്വട്ടേഷനാണെന്നും, തമ്മനത്തെ ഡിഡി റിട്രീറ്റ് എന്ന വില്ലയില്‍ നിന്നുമാണ് തനിക്ക് ഈ ക്വട്ടേഷന്‍ ലഭിച്ചതെന്നും പ്രതിയായ പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് അന്ന് ഈ വില്ല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ദിലീപിനെ ചുറ്റിപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമായതോടെയാണ് തമ്മനത്തെ വില്ലയിലേക്കും അന്വേഷണം വീണ്ടും വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ അതീവരഹസ്യമായാണ് പോലീസ് പരിശോധനയ്ക്കായെത്തിയത്. ഈ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയ്ല്‍ ചെയ്തു പണം ചോദിച്ച് ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണു സ്ഥാപനത്തില്‍ നടത്തിയ പരിശോധന. ഇതു സംബന്ധിച്ചു സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.

ഈ റെയ്‌ഡോടെ കേസിന് പുതിയ തലങ്ങള്‍ വരികയാണ്. കാവ്യാമാധവനുമായുള്ള വിവാഹത്തോടെയാണ് ആക്രമിക്കപ്പെട്ട നടിയുമായി തെറ്റിയതെന്ന് ദിലീപ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും നടിയുടെ കടയിലെ റെയ്ഡിന് ഏറെ പ്രസക്തിയുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ ക്വട്ടേഷനാണ് നടപ്പാക്കുന്നതെന്ന് പള്‍സര്‍ പറഞ്ഞതായി പീഡിപ്പിക്കപ്പെട്ട നടിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. അതു കൊണ്ട് കൂടിയാണ് മാഡം എന്ന പരാമര്‍ശത്തില്‍ അന്വേഷണം കടുപ്പിക്കുന്നത്.

ദിലീപ് പൊലീസിന് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സൂചന ശക്തമായത്. സോളാര്‍ കേസ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് തന്നെ വിളിച്ച് ഗൂഢാലോചനയുണ്ടെന്ന സൂചനകള്‍ നല്‍കിയതെന്ന് ദിലീപ് പറഞ്ഞിരുന്നു. ഫെനി ബാലകൃഷ്ണന്‍ ഇത് സ്ഥിതീകരിക്കുകയും ചെയ്തു. ഒളിവില്‍ കഴിയവെ കീഴടങ്ങാനായാണ് സുനി തന്റെ സഹായം തേടിയെത്തിയതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

മനോജ്, മഹേഷ് എന്നിങ്ങനെയാണ് കാണാന്‍ വന്നവര്‍ പേര് പറഞ്ഞത്. ഒരാള്‍ തമിഴ് മലയാളമാണ് സംസാരിച്ചത്. ചെങ്ങന്നൂരില്‍ വച്ചാണ് ഇവരെ കണ്ടത്. മവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സഹായിക്കാമെന്ന് അവരോട് പറഞ്ഞു. അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ‘മാഡ’ത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞ് ഇവര്‍ പോയി. ഇതോടെ ഗൂഢാലോചനയുടെ സൂചന തോന്നിയെന്നും മാധ്യമങ്ങളില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്നതിനാല്‍ ദിലീപിനെ വിളിച്ച് ഫെനി ഇക്കാര്യം സചിപ്പിക്കുകയായിരുന്നു. ഇത് ശരിയാണെങ്കില്‍ ‘മാഡം’ ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനിടെയാണ് കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് നടക്കുന്നത്.