മൈഥിലി എവിടെ ? വിവാദങ്ങള്‍ക്കിടെ നല്ല റോളുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് മൈഥിലി

single-img
1 July 2017

മലയാളസിനിമാ മേഖല വിവാദങ്ങളില്‍ പുകയുമ്പോള്‍ ഏവരും തിരയുന്ന ചിത്രം മറ്റാരുടെയുമല്ല ഒരു കാലത്ത് വിവാദങ്ങള്‍ അകമ്പടിയായുണ്ടായിരുന്ന മൈഥിലിയുടേത് തന്നെയാണ്. മൈഥിലി എവിടെ ? അല്ലെങ്കില്‍ എന്തു ചെയ്യുന്നുവെന്നാണ് ഏവരും ചോദിക്കുന്നത്. പാലേരി മാണിക്യം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ പതുക്കെ വിവാദങ്ങളിലേക്ക് നീങ്ങിതുടങ്ങിയ മൈഥിലിയുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ‘മാറ്റിനി’ എന്ന ചിത്രത്തിലെ ‘അയലത്തെ വീട്ടിലെ ‘എന്നു തുടങ്ങുന്ന ഐറ്റം ഗാനരംഗമായിരുന്നു.

പ്രേക്ഷകര്‍ ഇരുംകൈനീട്ടി സ്വീകരിച്ച ഈ ഗാനം മൈഥിലിയെ പിന്നീട് ഏവരുടേയും പ്രിയങ്കരിയാക്കി മാറ്റി. എന്നാല്‍ ഏറെക്കാലമായി ഈ താരസുന്ദരിയെ സിനിമയില്‍ എങ്ങും തന്നെ കാണാനില്ല. എവിടെ പോയി എന്നതിന് ആര്‍ക്കും യാതൊരു അറിവുമില്ല. അതേസമയം വലിച്ചുവാരി സിനിമ ചെയ്യാന്‍ താന്‍ തയാറല്ലെന്നാണ് ഇതിനൊക്കെ മറുപടിയായി മൈഥിലി നല്‍കുന്നത്.

നല്ല സിനിമ എന്നു തനിക്ക് തോന്നിയാല്‍ അഭിനയിക്കും. ഇതിനിടെ തമിഴ് സിനിമയില്‍ നിന്നും ക്ഷണം എത്തിയെങ്കിലും താരം ഒഴിഞ്ഞുമാറി. പിന്നീട് സംവിധായകന്‍ വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ചിട്ടത്രെ താരം അഭിനയിക്കാന്‍ സമ്മതം മൂളിയത്. മുള്ളും മലരും എന്ന പുതിയ ചിത്രത്തിലേക്കായിരുന്നു ക്ഷണം. കഥ പോലും നോക്കാതെ ഡേറ്റ് നല്‍കാന്‍ നടിമാര്‍ തയാറാകുമ്പോഴാണ് മൈഥിലി ഇവിടെ വ്യത്യസ്തയാകുന്നത്.

പ്രിയനന്ദന്റെ പാതിരാ കാലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മൈഥിലി ഇപ്പോള്‍. ജഹനാരയെന്ന കഥാപാത്രമായാണ് മൈഥിലി ഇതില്‍ അഭിനയിക്കുന്നത്. അവകാശസമരങ്ങളുമായി ബന്ധപ്പെട്ട് കാണാതാകുന്ന അച്ഛനെ തിരയുന്ന മകളുടെ യാത്രയാണ് ഈ സിനിമയെന്ന താരം പറയുന്നു.

ഇതിനു പുറമേ സുഹൃത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന കാറ്റിലൊരു പായ്ക്കപ്പല്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയെന്ന ആഗ്രഹം കൊണ്ടാണ് സഹസംവിധായികയായി പ്രവര്‍ത്തിച്ചതെന്നും മൈഥിലി തുറന്നു പറയുന്നു. നെടുമ്പാശേരി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട പേര് മൈഥിലിയുടേതായിരുന്നു. എന്നാല്‍ അന്ന് താരത്തിനെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.

അതോടെ വിവാദങ്ങളില്‍ നിന്നകന്ന നടി ഏറെക്കാലം നല്ല സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. അങ്ങനെയായിരുന്നു ടി.വി ചന്ദ്രന്റെ മോഹവലയത്തില്‍ ഉള്‍പ്പടെ മൈഥിലി അഭിനയിക്കുന്നതും.