അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമെന്ന് വനിതാ കമ്മീഷന്‍; ‘അമ്മ’ ഡബിള്‍ റോള്‍ കളി നിര്‍ത്തണം

single-img
1 July 2017

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ മലയാള താര സംഘടന ശ്രമിക്കുന്നത് അപലപനീയമാണ്. നടിമാരുടെ കൂട്ടായ്മയായ ‘വിമണ്‍ ഇന്‍ സിനിമ കളക്ടീവ്’ നല്‍കിയ പരാതി വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നസെന്റിന്റെയും മുകേഷിന്റെയും സംസാരരീതി തെറ്റെന്നും ജോസഫൈന്‍ വിമര്‍ശിച്ചു. ജനപ്രതിനിധികള്‍ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണമെന്നും അവര്‍ പറഞ്ഞു. നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില് നിഗൂഢതയുണ്ടെന്നും, നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്നും ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നു.