മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്; പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഉദയ നിധി സ്റ്റാലിന്‍ നായകനാകും

single-img
1 July 2017

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. സംവിധായകന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സംവിധായകന്‍ പ്രിയദര്‍ശനാണ് ചിത്രം തമിഴിലൊരുക്കുന്നത്. തന്‍മയത്വമുള്ള കഥാപാത്രങ്ങളെ തമിഴില്‍ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ള ഉദയാനിധി സ്റ്റാലിന്‍ മഹേഷായി വേഷമിടുമ്പോള്‍ പാര്‍വതി നായരാണ് അനുശ്രീയുടെ വേഷത്തില്‍ എത്തുന്നത്. നമിതാ പ്രമോദ് അപര്‍ണാ ബാലമുരളി ചെയ്ത വേഷം കൈകാര്യം ചെയ്യും.

ഫഹദ് ഫാസില്‍ നായകനായി കഴിഞ്ഞവര്‍ഷം റിലീസിനെത്തിയ ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം തേനിയിലും കമ്പത്തുമായി പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്റേതായി പുറത്തുവന്ന സിലസമയങ്ങളില്‍ തമിഴ് ചലച്ചിത്ര വേദികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മഹേഷിന്റെ പ്രതികാരം റീമേക്ക് തമിഴിലേക്ക് അധികം വൈകാതെയെത്തുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തമിഴ് സിനിമാ പ്രേമികള്‍.