പ്രസവത്തിന് കാവല്‍ നിന്നത് 12 സിംഹങ്ങള്‍; ഭീതിയുടെ നടുവില്‍ കൊടുങ്കാട്ടില്‍ യുവതിക്ക് സുഖപ്രസവം

single-img
1 July 2017

ഗുജറാത്ത് സ്വദേശിനിയായ മാന്‍ഗുബെന്‍ മാക്ക്വാനയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രാത്രിയാണ് ജൂണ്‍ 29 സമ്മാനിച്ചത്. ആംബുലന്‍സില്‍ കൊടുംകാട്ടിനുള്ളില്‍ പ്രസവവേദന കൊണ്ടു പുളയുമ്പോഴും അവളുടെ ഉള്ളിലുള്ള ചിന്ത തന്റെ പിറക്കാന്‍ പോകുന്ന കുഞ്ഞിനും കൂടെ വന്നിരിക്കുന്നവര്‍ക്കും ഒന്നും സംഭവിക്കരുതെന്നു മാത്രമായിരുന്നു.

സിംഹങ്ങളധിവസിക്കുന്ന ഗീര്‍വനത്തിനുള്ളില്‍ കുഞ്ഞിനു ജന്‍മം നല്‍കുന്ന സമയം ആംബുലന്‍സിനെ വളഞ്ഞു നിന്നതു 12 സിംഹങ്ങള്‍. ആംബുലന്‍സിനുള്ളിലുള്ളവര്‍ക്ക് എന്ത് ചെയ്യണമെന്നറിയാന്‍ പറ്റാത്ത അവസ്ഥ. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങള്‍ നേരില്‍ കാണുകയായിരുന്നു അവര്‍. മനുഷ്യ മാംസത്തിന്റെ സാമീപ്യം മണത്തറിഞ്ഞ് ആംബുലന്‍സിന്റെ അടുത്തേക്ക് പാഞ്ഞടുത്തു സിംഹങ്ങള്‍. അര്‍മേലിയയില്‍ നിന്നു ജഫ്രാബാദ് ആശുപത്രിയിലേക്ക് പോകവെയായിരുന്നു സംഭവം.

ജഫ്രാബാദിലേക്കുള്ള വഴിയില്‍ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നത് കണ്ട് യുവതിയുടെ പ്രസവം എടുക്കുന്നതിനിടെ ആംബുലന്‍സിനു സമീപമെത്തിയ സിംഹങ്ങള്‍ 20 മിനിറ്റോളം വനത്തിനുള്ളില്‍ ഒരിഞ്ചു പോലും വാഹനം മുന്നോട്ടു നീങ്ങാന്‍ അനുവദിക്കാതെ തടസ്സം നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസിയായ രാജുയാദവ് സിംഹത്തെ ആട്ടി പായിക്കാന്‍ ശ്രമം നടത്തി നോക്കിയെങ്കിലും സിംഹങ്ങള്‍ അവിടെ തന്നെ നിലയുറപ്പിച്ചു.

ഈ സമയം ആംബുലന്‍സിനകത്ത് ഉണ്ടായിരുന്ന എമര്‍ജന്‍സി ടെക്‌നീഷ്യന്‍ അശോകിന്റെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. തുടര്‍ന്ന് സിംഹങ്ങള്‍ മെല്ലെ പിന്‍മാറിയപ്പോള്‍ രാജുയാദവ് വണ്ടിയെടുത്ത് രക്ഷപ്പെട്ടു. അമ്മയേയും കുഞ്ഞിനേയും ജഫ്രാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.