മുകേഷിനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍; ‘അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ വോട്ട് ചെയ്തത്’

single-img
1 July 2017

എംഎല്‍എ മുകേഷിനെതിരെ എല്‍ഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ രംഗത്ത്. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് അനിരുദ്ധന്‍ തുറന്നടിച്ചു. ദിലീപിനനുകൂലമായി സ്വീകരിച്ച നിലപാട് കേസന്വേഷണത്തെ ബാധിക്കുമെന്നിരിക്കെ ഒരു ജനപ്രതിനിധി ഒരിക്കലും അന്വേഷണം ആര്‍ക്കെതിരെ നടക്കുന്നുവോ അയാള്‍ കുറ്റക്കാരനല്ലെന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ തീരുമാനം എന്ന നിലയില്‍ ദിലീപിനെ കുറ്റക്കാരനല്ലെന്ന് വിധിച്ചാല്‍ പിന്നെ പോലീസും കോടതിയും വേണ്ടല്ലോ എന്നും അനിരുദ്ധന്‍ പരിഹസിച്ചു.

അമ്മയുടെ മെമ്പറാണ് താന്‍, അതുകൊണ്ട് അമ്മ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്ന മുകേഷിന്റെ വാക്കുകള്‍ ഒരു ജനപ്രതിനിധിക്ക് യോജിച്ചതല്ല. അമ്മയുടെ കാര്യം നടപ്പാക്കാനല്ല മുകേഷിന് ജനങ്ങള്‍ വോട്ടു നല്‍കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചായിരുന്നു മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

ദിലീപിനെ വേട്ടയായാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.സംഘടനയിലെ അംഗങ്ങളുടെ ചോരകുടിക്കാന്‍ അനുവദിക്കില്ലെന്ന് വൈസ്പ്രസിഡന്റ് കെ ബി ഗണേഷ് കുമാറും പറഞ്ഞു.