സഹകരണ ബാങ്കുകള്‍ കളളപ്പണം വെളുപ്പിച്ചു; കൊല്ലത്തെ ആറു ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു

single-img
1 July 2017

കൊല്ലം: കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ കൊല്ലത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. സഹകരണ ബാങ്ക് സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്ക്കല്‍, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്.

നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനുശേഷം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നു എന്നാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ച പരിധി ലംഘിച്ച് കോടികള്‍ നിക്ഷേപമായി വാങ്ങിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.

ബാങ്ക് സെക്രട്ടറിമാരുടെ അറിവോടെയും അക്കൗണ്ട് ഉടമ അറിയാതെയുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നത്. പ്രതിപ്പട്ടികയിലുള്ള ആറ് ബാങ്കുകളും നോട്ട് നിരോധന കാലയളവില്‍ നടത്തിയ ഇടപാടുകള്‍ സംശയകരമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പന്മന ചാത്തന്നൂര്‍ സഹകരണ ബാങ്കുകളിലാണ് ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത്. വ്യാഴാഴ്ച്ച ആറ് ബാങ്കുകളിലും സിബിഐ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ബാങ്കധികാരികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം.