മാരുതി കാറുകളുടെ വില കുറച്ചു

single-img
1 July 2017

വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജിഎസ്ടി വന്നതോടെ നല്ല കാലം തെളിഞ്ഞു. കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിലകുറയും. ചരക്ക് സേവന നികുതിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി കാറുകളുടെ വില കുറച്ചു. മാരുതിയുടെ വിവിധ മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെയാണ് വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

ജി.എസ്.ടി മൂലം ലഭ്യമാകുന്ന നേട്ടം മുഴുവന്‍ ഉപഭോക്താകള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മാരുതി അറിയിച്ചു. ഇതിനൊപ്പം തന്നെ മാരുതിയുടെ ചില മോഡലുകളുടെ വില ഉയര്‍ത്തിയിട്ടുണ്ട്. സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളുടെ വിലയാണ് ഉയരുക. ഹൈബ്രിഡ് മോഡലുകള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവ് ജി.എസ്.ടി വന്നതോടെ ഇല്ലാതാകും. ഇതാണ് പല മോഡലുകളുടെയും വില വര്‍ധിക്കാന്‍ കാരണം.

ജിഎസ്ടി വന്നതോടെ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളിലും മറ്റും മാറ്റങ്ങള്‍ വരുത്തണം എന്നതിനാല്‍ ചില കമ്പനികള്‍ തിങ്കളാഴ്ച മുതലായിരിക്കും മാറിയ വിലകള്‍ പ്രഖ്യാപിക്കുക. വിലയില്‍ മാത്രമല്ല, നിര്‍മ്മാണമേഖലയിലും വിതരണമേഖലയിലുമെല്ലാം ഇതിന്റെ സ്വാധീനം പ്രതിഫലിക്കും. സോഫ്റ്റ്‌വെയര്‍ മാറ്റം വേണ്ടതിനാല്‍ ഇന്നും നാളെയും ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ ബില്‍ ചെയ്യില്ല.

എന്നാല്‍ ബുക്കിംഗ് നടത്താം. എസ് യു വി, സെഡാന്‍ വാഹനങ്ങള്‍ മാത്രമല്ല ചെറിയ കാറുകള്‍ക്കും ഇതോടെ വിലക്കുറവുണ്ടാകും. ഹീറോ മോട്ടോര്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും അഞ്ചു ശതമാനം വില കുറയും. ഹോണ്ടയും സ്‌കൂട്ടര്‍ ഇന്ത്യയും വില കുറയ്ക്കുന്നുണ്ട്. ആക്ടീവയുടെ വില ഏകദേശം 3400 രൂപ കുറയും. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ്, ട്രയംഫ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ഡ്യുകാറ്റി മുതലായ കമ്പനികളുടെ ബൈക്കുകള്‍ക്ക് വില കൂടും.