ലോകത്തെ ഞെട്ടിച്ച് വീണ്ടും വാനാക്രൈ ആക്രമണം; മുംബൈ തുറമുഖത്ത് ചരക്ക് നീക്കം നിലച്ചു

single-img
28 June 2017

ലോകത്തെ ഞെട്ടിച്ച് വീണ്ടും വാനാക്രൈ ആക്രമണം. ഇന്ത്യ, റഷ്യ, ബ്രിട്ടന്‍ ഉള്‍പ്പടെ ഏഴോളം രാജ്യങ്ങളില്‍ വാനാക്രൈ ആക്രമണമുണ്ടായതായാണ് വിവരം. ഇന്ത്യയില്‍ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ കംപ്യൂട്ടറുകളില്‍ ‘പിയെച്ച’ റാന്‍സെംവയര്‍ കംപ്യൂട്ടറുകളെ ബാധിച്ചതായാണ് കണ്ടെത്തിയത്.

മുന്ന് ടെര്‍മിനലുകളില്‍ ഒന്നിലാണ് ആക്രമണം. കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായതോടെ ചരക്ക് നീക്കം തടസപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി തന്നെ ഈ ടെര്‍മിനലിലൂടെയുള്ള ചരക്ക് നീക്കം നിര്‍ത്തിവെച്ചു. തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാന്‍സംവെയര്‍ കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ഫാക്ടറികള്‍, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ പ്രോഗ്രാം ബാധിച്ചു. യുഎസ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റും പിയെച്ച ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഉല്‍പാദനത്തെ ബാധിച്ചിട്ടില്ല.

ഫയലുകള്‍ മൊത്തമായി എന്‍ക്രിപ്റ്റ് ചെയ്യുന്നതിനു പകരം ഇരയുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഹാര്‍ഡ് ഡ്രൈവിലെ മാസ്റ്റര്‍ ഫയല്‍ ടേബിള്‍ (എംഎഫ്ടി) എന്‍ക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടര്‍ന്നു ഫയലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടും. സ്‌ക്രീനില്‍ കാണിക്കുന്ന ബിറ്റ്‌കോയിന്‍ വിലാസത്തിലേക്കു 300 ഡോളര്‍ അയയ്ക്കാനാണു സന്ദേശം. ഫയലുകള്‍ തിരികെ ലഭിക്കാനായി 13 പേര്‍ മോചനദ്രവ്യം നല്‍കിയതായാണു സൂചന. 5000 ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നാണു വിവരം.

ആരാണ് പിന്നിലെന്നു വ്യക്തമല്ലെങ്കിലും റഷ്യയെയും യുക്രെയ്‌നെയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്നു മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ് ഐബി അറിയിച്ചു.