മോദി ആരാധകര്‍ക്ക് പറ്റിയ അമളി ആഘോഷിച്ച് സോഷ്യല്‍ മീഡിയ; വ്യാജ വീഡിയോ ബിജെപിക്ക് പൊല്ലാപ്പായി

single-img
28 June 2017

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയില്‍ മോഡിക്ക് ലഭിച്ച സ്വീകരണം എന്ന പേരില്‍ പ്രചരിച്ച വീഡിയോ 2010ലെ ദൃശ്യങ്ങള്‍. മോഡിക്ക് അമേരിക്കയില്‍ ലഭിച്ച സ്വീകരണം എന്ന പേരില്‍ ബിജെപി ആര്‍എസ്എസ് അനുകൂല പേജുകളും കടുത്ത മോഡി ആരാധകരുമായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. പ്രചരിപ്പിച്ചതാകട്ടെ അന്നത്തെ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ പരേഡിന്റെ ദൃശ്യങ്ങള്‍.

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ വൈറ്റ് ഹൗസിലേക്കുള്ള ഗംഭീരയാത്ര എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മോഡി ഫോളോവേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ 7500ല്‍ അധികം പേര്‍ വീഡിയോ ഉടന്‍ തന്നെ ഷെയറും ചെയതു. 356,000ല്‍ അധികം പേര്‍ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടു. തൊട്ടുപിന്നാലെ എത്തി മോഡി ആരാധകരുടെ കമന്റുകള്‍.

130 കോടി ജനങ്ങളുടെ പ്രതിനിധിക്ക് ഒരു ശ്രേഷ്ഠ രാജ്യത്തിന്റെ ആദരം,മോഡിയുടെ പവര്‍,ഇതാ അമേരിക്ക മോഡിജിക്ക് നല്‍കുന്ന ആദരം എന്നിങ്ങനെയായിരുന്നു കമന്റുകള്‍. മോഡി വിമര്‍ശകര്‍ക്ക് ഒരു തട്ട് കൊടുക്കാനും ആരാധകര്‍ മറന്നില്ലെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ക്കും മൗലികവാദികള്‍ക്കും പൊള്ളുന്ന നിമിഷം എന്നായിരുന്നു മറ്റൊരു കമന്റ്.

ഈ സ്വീകരണം ഇന്ത്യയിലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അന്യായമായി പെരുമാറുമായിരുന്നു എന്നും ചിലര്‍ പരിതപിക്കുന്നുണ്ട്. ആര്‍എസ്എസ് രാഷ്ടീയ സ്വയംസേവക് സംഘ് ഫാന്‍സ്, അടല്‍ ബീഹാരി ബാജ്‌പേയ്, നരേന്ദ്ര മോഡിട്രൂ ഇന്ത്യന്‍ എന്നീ പേജുകളും വീഡിയോ പോസ്റ്റ് ചെയ്തു. അബദ്ധം പറ്റിയതറിയാതെ 2010ല്‍ സന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പരേഡിന്റെ ദൃശ്യങ്ങളാണ് മോഡിയുടേതായി ഈ പേജുകള്‍ പ്രചരിപ്പിച്ചത്.

ഹോട്ടല്‍ മുറികളില്‍ നിന്നും അജ്ഞാതന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്നേ തരംഗമായിരുന്നു. എന്തൊക്കെയായാലും അമ്മളി പറ്റിയത് മനസ്സിലാക്കിയവര്‍ തന്നെ പേജില്‍ നിന്നും ഇപ്പോള്‍ വീഡിയോ നീക്കം ചെയ്തിരിക്കുയാണ്. ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ക്കുള്ള കുപ്രസിദ്ധി നിലനില്‍ക്കുന്നതിനിടയിലാണ് മോഡി ആരാധകര്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് വീണ്ടും പ്രതികൂട്ടിലാകുന്നത്.