പനിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു : ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

single-img
27 June 2017

സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പനിമരണങ്ങളുടെ കാരണം വിദഗ്ധസമിതി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
‘പനി പടര്‍ന്ന് പിടിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രിയും സര്‍വ്വകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായില്ല. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കണം”. ചെന്നിത്തല അഭിപ്രായപ്പെട്ടു. നിലവില്‍ ഏതെല്ലാം തരത്തിലുള്ള പനികളുണ്ട്, ഏതെല്ലാം വൈറസുകളുണ്ട്, ഇവയുടെ സ്വഭാവത്തില്‍ മാറ്റംവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണെന്നും ഇതുസംബന്ധിച്ച് കേന്ദ്രആരോഗ്യമന്ത്രിക്ക് കത്തെഴുതുമെന്നും ചെന്നിത്തല പറഞ്ഞു.

ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന മഴക്കാലപൂര്‍വ്വ ശുചീകരണങ്ങള്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി. ഇതുവരെ പനി ബാധിച്ച് 200 പേര്‍ മരിച്ചു. ആയിരക്കണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇതിനെ ലാഘവത്തോടെ കാണുകയാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി. പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ സംസ്ഥാനതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ച ദിനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.