ആധാര്‍ ലഭിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രീംകോടതി

single-img
27 June 2017

ന്യൂഡല്‍ഹി :ആധാര്‍ ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി.അതേസമയം സര്‍ക്കാര്‍ ഉത്തരവില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ സെപ്തംബര്‍ 30 വരെ സമയം നീട്ടി നല്‍കിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

നേരത്തെ ജൂണ്‍ 30 വരെയായിരുന്നു ഇതിന് അനുവദിച്ചിരുന്ന സമയം. സാമൂഹ്യക്ഷേമ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍,ഗ്യാസ് സബ്‌സീഡി എന്നിവക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാമൂഹികപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.