പാകിസ്താനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടുത്തം;123 മരണം, 75 പേര്‍ക്ക് ഗുരുതര പരുക്ക്

single-img
25 June 2017

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന എണ്ണ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ 123പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയ്ക്കടുത്തുള്ള ദേശീയ പാതയില്‍ ഇന്ന് വെളുപ്പിനാണ് ടാങ്കര്‍ മറിഞ്ഞ് അപകടമുണ്ടായത്. 75ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമിതവേഗത്തിലായിരുന്ന ടാങ്കര്‍, നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. നഗരത്തിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ഇതാണ് മരണസംഖ്യ നൂറു കവിയാന്‍ കാരണം. വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഇന്ധനടാങ്കറില്‍ ചോര്‍ച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചതായും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്ന സ്ഥലത്ത് ചിലര്‍ പുകവലിച്ചിരുന്നതായും ഇതാകാം തീപിടിക്കാന്‍ കാരണമെന്നും ദൃസാക്ഷികളെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ശേഖരിക്കാനായി ആളുകള്‍ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ കൂടി നില്‍ക്കെ ടാങ്കര്‍ പൊട്ടിത്തെറിച്ചതാണ് അപകടം ഇത്ര ഭീകരമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപകടത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും 12 ബൈക്കുകളും അഗ്‌നിക്കിരയായി. അപകടത്തിന് ഇരയായവരെ സഹായിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിട്ടു നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ബഹവല്‍പുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ പരിക്കേറ്റ ചിലരെ മുള്‍ട്ടാനിലെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട് .