കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പരിഷ്‌കരിക്കും

single-img
25 June 2017

ന്യു ഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുതുക്കുന്നതു സംബന്ധിച്ചു അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ അലവന്‍സുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. നിലവില്‍ അലവന്‍സുകള്‍ പുതുക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സെക്രട്ടറിമാരുടെ ഉന്നതതല സമിതി മന്ത്രിസഭയ്ക്കു സമര്‍പ്പിച്ചു. വീട്ടുവാടക അലവന്‍സില്‍ (എച്ച്ആര്‍എ) വര്‍ധനയുണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം കഴിഞ്ഞു മടങ്ങിയെത്തിയശേഷമാകും തീരുമാനം ഉണ്ടാകുക. പരിഷ്‌കരിച്ച അലവന്‍സ് നടപ്പാകുന്നതുവരെ പഴയ നിരക്കാണു തുടരുന്നത്. ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്), കുറഞ്ഞ വേതനം, ഫിറ്റ്‌മെന്റ് ഫോര്‍മുല എന്നിവയുടെ കാര്യത്തിലും കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കുമെന്നാണ് സൂചന.

ഏഴാം ശമ്പള കമ്മിഷന്‍ അലവന്‍സുകള്‍ വെട്ടിച്ചുരുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനു എതിരെ ജീവനക്കാരുടെ സംഘടനകളില്‍നിന്നു ശക്തമായി പ്രതിഷേധമാണ് ഉണ്ടായത്. തുടര്‍ന്ന് ഈ കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനകാര്യ സെക്രട്ടറി അശോക് ലവാസയെ ചുമതലപ്പെടുത്തിയിരുന്നു.

ലവാസ സമിതി ഏപ്രില്‍ 27നു സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെക്രട്ടറിമാരുടെ ഉന്നതതല സമിതിയുടെ ശുപാര്‍ശകളോടെയാണു മന്ത്രിസഭ പരിഗണിക്കുന്നത്. എ.കെ.മാത്തൂര്‍ അധ്യക്ഷനായ ഏഴാം ശമ്പള കമ്മിഷന്‍ വീട്ടുവാടക അലവന്‍സില്‍ നേരിയ കുറവു വരുത്തിയിരുന്നു.
47 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും.